Culture

പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിന് വീട്ടമ്മയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

May 14, 2018

കേന്ദ്രപാര: പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിന് വീട്ടമ്മയെ അയല്‍വാസിയായ സ്ത്രീയും മകനും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷ്യയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്.

ഞായറാഴ്ചയാണ് സംഭവം. പശു അയല്‍വാസിയായ സഞ്ജുലതയുടെ പറമ്പില്‍ കടന്ന് അവര്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയിരുന്ന ചെടികള്‍ നശിപ്പിക്കുകയായിരുന്നു. ഇതില്‍ കുപിതയായ സഞ്ജുലതയും മകനും സാബിത്രിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിച്ചു.

പിന്നീട് സാബിത്രിയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ എത്തി ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സ്ത്രീയെ അഴിച്ചുവിടാന്‍ സഞ്ജുലതയും മകനും തയ്യാറായത്. സാബിത്രിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.