ആഗ്ര: ആഗ്രയില്‍ വി.എച്ച്.പിയുടെ വനിതാ വിഭാഗം ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ക്യാമ്പില്‍ പരിശീലനം നല്‍കുന്നുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഹിന്ദുമതത്തെ കുറിച്ച് പഠിക്കുന്നതിനോടൊപ്പം ആയുധ പരിശീലനവും നേടുന്നുണ്ടെന്ന് ക്യാമ്പില്‍ പങ്കെടുക്കുന്ന കൗമാരക്കാരി പറഞ്ഞു.

രാജ്യവ്യാപകമായി ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം വി.എച്ച്.പി ആയുധപരിശീലനം നല്‍കുന്നുണ്ട്. കൗമാരക്കാരായ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഹിന്ദു ധര്‍മ്മ പഠനത്തിന്റെ പേരില്‍ ക്യാമ്പിലെത്തിച്ചാണ് ആയുധപരിശീലനം നടത്തുന്നത്. കൗമരത്തില്‍ തന്നെ പുതുതലമുറയിലേക്ക് തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ കുത്തിവെച്ച് സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും ഇത്തരം ക്യാമ്പുകളിലൂടെ ശ്രമം നടക്കുന്നുണ്ട്.

സ്വയം രക്ഷക്കെന്ന പേരിലാണ് കേരളത്തിലടക്കം ആര്‍.എസ്.എസും പോഷക സംഘടനകളും ഇത്തരത്തില്‍ ആയുധ പരിശീലനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ രാജ്യത്തൊരിടത്തും പൊലീസ് തയ്യാറാവാറില്ല. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ആര്‍.എസ്.എസ് ആയുധപരിശീലനത്തെ കുറിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ കേരള സര്‍ക്കാറും തയ്യാറായിട്ടില്ല.