നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്ന വനിതാ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം തീര്‍ത്ഥാടകരില്‍ 46 ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇത്തവണ 46.9 ശതമാനമായാണ് വര്‍ധിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പുറമെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര തിരിക്കുന്നതിലും 47 ശതമാനത്തോളം പേര്‍ ഈ വര്‍ഷം വനിതകളാണ്. സ്വതന്ത്ര ഭാരതത്തില്‍ നിന്നുള്ള ഏറ്റവും വലിയ വനിതാ സംഘമാണ് ഇത്തവണ ഹജ്ജ് നിര്‍വ്വഹിക്കാന്‍ സഊദിയിലെത്തുന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ വഴി യാത്ര തിരിക്കുന്ന 1,28,702 പേരില്‍ 1,27,034 പേരുടെ യാത്ര സംബന്ധിച്ച വിവരങ്ങളാണ് ഇതുവരെ വ്യക്തമായിട്ടുള്ളത്. ഇതില്‍ 59,580 പേര്‍ വനിതകളാണ്.