india

ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകണം; മദ്രാസ് ഹൈകോടതി

By sreenitha

January 21, 2026

ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകേണ്ടതുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷനെ ഇന്ത്യൻ പാരമ്പര്യത്തിൽ അംഗീകരിക്കപ്പെട്ട ഗന്ധർവ വിവാഹത്തിന്റെ ആധുനിക രൂപമായി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിശേഷിപ്പിച്ചു.

വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവാണ് ഹൈകോടതിയെ സമീപിച്ചത്. ലിവ് ഇൻ ബന്ധത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി നിരവധി തവണ യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് 2014ൽ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് യുവാവ് കോടതിയെ സമീപിച്ചത്.

വിവാഹ വാഗ്ദാനം നൽകി ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ട ശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ പ്രവണതയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ പ്രണയവിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധർവ വിവാഹത്തിന്റെ ദൃക്കോണത്തിൽ നിന്ന് ലിവ് ഇൻ ബന്ധങ്ങളെ കാണണമെന്നും, ഇതുവഴി സ്ത്രീകൾക്ക് ഭാര്യാ പദവിയും നിയമപരിരക്ഷയും നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇന്നത്തെ സമൂഹത്തിൽ ലിവ് ഇൻ ബന്ധങ്ങൾ സാധാരണമാണെന്നും, ആധുനിക ബന്ധങ്ങളുടെ കെണിയിൽപ്പെടുന്ന ദുർബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതികൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ ബന്ധങ്ങൾ ഇന്ത്യയിൽ ഒരു സാമൂഹിക–സാംസ്‌കാരിക ആഘാതമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

വിവാഹ വാഗ്ദാനം നൽകി ബന്ധം ആരംഭിച്ച ശേഷം ബന്ധം തകരുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരെ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 69 പ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കാവുന്നതാണെന്നും, വിവാഹം സാധ്യമല്ലെങ്കിൽ ബന്ധപ്പെട്ട പുരുഷന്മാർ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് എസ്. ശ്രീമതി വ്യക്തമാക്കി.