kerala

തിരുവനന്തപുരത്ത് വാളുമായി വനിതകളുടെ പ്രകടനം; കേസെടുത്തു

By Chandrika Web

May 30, 2022

തിരുവനന്തപുരത്ത് വാളേന്തി വനിതകള്‍ പ്രകടനം നടത്തിയതിനെതിരെ പോലീസ് കേസെടുത്തു. വിഎച്ച്പിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്യങ്കോടുത്തുള്ള മാമരിമുട്ടത്ത് വാളേന്തി നടത്തിയ പ്രകടനത്തിന് എതിരെയാണ് ആര്യങ്കോട് പോലീസ് കേസെടുതിരിക്കുന്നത്.

കീഴറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗ്ഗവാഹിനി ആയുധ പരിശീലന ക്യാമ്പിന് സമാപനത്തോടനുബന്ധിച്ചാണ് മെയ് 22-ന് വാളേന്തി പ്രകടനം നടത്തിയത്. റാലിക്ക് മാത്രമെ പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി’ റാലി നടത്തുകയായിരുന്നു.

ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.