ഓസ്റ്റിന്‍ : ഹാന്‍ഡ് സാനിറ്റൈസറില്‍ നിന്ന് തീ പടര്‍ന്ന് യുവതി്ക്ക് ഗുരുതരമായി പൊള്ളലേറ്റു. യുഎസിലെ ടെക്‌സസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മെഴുകുതിരി കത്തിക്കുന്നതിനിടെ തന്റെ ത്വക്കില്‍ പുരട്ടിയിരുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ തീപിടിച്ച് ആളിക്കത്തുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. കൈയുടെ എല്ലാ ഭാഗത്തും ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടിയിരുന്നതായി യുവതി പറഞ്ഞു. കൈയ്യില്‍ നിന്നും തീ മുഖത്തേക്കും പടര്‍ന്നു. സെക്കന്റുകള്‍ക്കുള്ളില്‍ ശരീരമാകെ തീ പടരുകയായിരുന്നു. സമീപത്തു തന്നെയുണ്ടായിരുന്ന ഹാന്‍ഡ് സാനിറ്റൈസറിന്റെ ബോട്ടിലും തീയില്‍ പൊട്ടിത്തെറിച്ചതായി യുവതി പറയുന്നു.

അപകട സമയം വീട്ടിലുണ്ടായിരുന്ന യുവതിയുടെ മക്കള്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാന്‍സ് സാനിറ്റൈസറിലെ ആല്‍ക്കഹോളിന്റെ അംശം തീപടരാന്‍ കാരണമായേക്കാം. അതുകൊണ്ട് തന്നെ സാനിറ്റൈസര്‍ ബോട്ടിലുകള്‍ തീയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. സാനിറ്റൈസറുകള്‍ പുരട്ടിക്കഴിഞ്ഞാല്‍ അത് പൂര്‍ണമായും ത്വക്കില്‍ ആഗിരണം ചെയ്യപ്പെടാന്‍ അനുവദിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.