ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീ പങ്കാളിത്തം വേണമെന്ന് മുതിര്‍ന്ന സൈനിക നേതാവ് ബിപിന്‍ റാവത്ത്. ജവാന്‍, സര്‍ദാര്‍ സഹേബാന്‍ തുടങ്ങിയ റാങ്കുകളിലേക്ക് സ്ത്രീകളെ നിയമിച്ച് സൈനിക ഏറ്റുമുട്ടലുകളില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക ഓപ്പറേഷനുകള്‍ക്കിടെ സാധാരണ ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ഇടപെടലുകള്‍ ആവശ്യമായിവരുമെന്ന് റാവത്ത് വ്യക്തമാക്കി. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ മിലിട്ടറി പൊലീസിലേക്കായിരിക്കും സ്ത്രീകളെ നിയമിക്കുക. വിജയകരമായാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും- റാവത്ത് പറഞ്ഞു. സൈനിക ഏറ്റുമുട്ടലുകള്‍ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന കാര്യം കഴിഞ്ഞയാഴ്ചയും റാവത്ത് പ്രഖ്യാപിച്ചിരുന്നു.