കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി എന്ന മനോഭാവത്തില്‍ സംസ്ഥാന ഖജനാവിനെ ഊറ്റിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും സംയുക്തനീക്കത്തിനുള്ള കനത്ത അടിയാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. നവകേരള സര്‍വേയുടെ പേരിലുള്ള തിരഞ്ഞെടുപ്പ് പ്രചരണശ്രമത്തിനു തടയിട്ടതുമാത്രമല്ല, അതുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഈ കൂറുകച്ചവടത്തെ പൊളിച്ചുകൈയ്യില്‍കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് സര്‍വസാധാരണമായിത്തീര്‍ന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്.
പാര്‍ട്ടി പരിടപാടിയോ സര്‍ക്കാര്‍ പദ്ധതിയോ എന്ന് തിരിച്ചറിയാന്‍ സൂക്ഷ്മദര്‍ശിനി വെച്ചുനോക്കേണ്ട വിധത്തിലാണ് സര്‍ക്കാറിന്റെ പലപരിപാടികളും നടക്കുന്നത്. പാര്‍ട്ടി രൂപരേഖ തയ്യാറിക്കിയതിന്‌ശേഷം മന്ത്രിസഭയില്‍ വെച്ച് പാസാക്കിയെടുക്കുന്ന തരത്തിലാണ് പല പരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന് കണക്കിനു നല്‍കിയിരിക്കുന്നത്. കോടതിയുടെ പരാമര്‍ശങ്ങള്‍ അതീവ ഗൗരവതരവും, കത്തുന്ന പുരയില്‍നിന്ന് കഴുക്കോലെങ്കിലും ഊരിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സി.പി.എമ്മിന്റെ നീക്കങ്ങള്‍ തുറന്നുകാട്ടുന്നതുമാണ്. സര്‍ക്കാറിന്റെ ഈ കുളംകലക്കി മീന്‍പിടിക്കല്‍ രീതിയോടുള്ള കടുത്ത വിയോജിപ്പും കോടതിയുടെ പരാമര്‍ശങ്ങളില്‍ പ്രകടമാണ്.
സര്‍വേയെക്കുറിച്ച് സി.പി.എമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന കാര്യമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടിക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന കോടതിയുടെ ചോദ്യത്തിന് വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിച്ചതുമില്ല. സ്‌പെഷ്യല്‍ പി.ആര്‍ കാമ്പയിനിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായും കോടതി വിലയിരുത്തുകയുണ്ടായി. കൂടാതെ സര്‍വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബര്‍ എട്ടിനാണ് നവകേരള സര്‍വേ നടത്താനുള്ള തീരുമാനം മന്ത്രിസഭ എടുക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് ഒരു കത്തയച്ചു. ഈ കത്ത് ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാനാകില്ലെന്നും കോടതി വിലയിരുത്തി. സര്‍വേ നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് കത്തയക്കുകയായിരുന്നു. സര്‍വേക്ക് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സി.പി.എം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാര്‍ട്ടി നടത്തിയതില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ഏതുവിധേനയും തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായയി സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചരണവും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ലക്ഷ്യംവെച്ച് സി.പി.എം ഇത്തരത്തിലൊരു ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. പാര്‍ട്ടി പരിപാടിയാണെങ്കിലും ചിലവ് മുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാക്കലും പരിപാടിക്ക് ഔദ്യോഗിക പരിവേശം നല്‍കി ജനങ്ങളെ കബളിപ്പിക്കലുമായിരുന്നു ഇതിലൂടെ ലക്ഷ്യംവെച്ചത്. സര്‍വേക്ക് വേണ്ടി പ്രവര്‍ത്തകരെ ഒരു പോര്‍ട്ടല്‍ വഴി കണ്ടെത്തുകയും ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു. നവകേരള സൃഷ്ടിയാണ് ഫോക്കസ് എന്ന് പറയുമ്പൊഴും മുഖ്യമന്ത്രിയുടെ ആമുഖ കത്തും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറയുന്ന ബ്രോഷറുമായാണ് വോളന്റിയര്‍മാര്‍ സര്‍വേയ്ക്ക് എത്തിയത്. അവയെ അടിസ്ഥാനമാക്കിയാണ് സര്‍വേയിലെ ചോദ്യങ്ങള്‍. പുതിയ വികസന പദ്ധതികള്‍സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ?.
കഴിഞ്ഞ 10 വര്‍ഷത്തെ വികസനത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?. ക്ഷേമപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിപുലീകരിക്കാം?. ഇവയായിരുന്നു സാംപിള്‍ ചോദ്യങ്ങള്‍. സര്‍വേയ്ക്കായി നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരെ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസിനെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നാണായിരുന്നു അധ്യാപകരുടെ വാദം. എന്നാല്‍ വികസനത്തെ കുറിച്ച് സര്‍ക്കാരിനായി വിവര ശേഖരണം നടത്തുകമാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ ഇതിനെ പ്രതിരോധിച്ചത്. കോളജ് വിദ്യാര്‍ത്ഥികളെ സര്‍വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. 2026 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകള്‍ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പക്ഷേ ജനങ്ങള്‍ മുഖംതിരിച്ചതോടെ ഉദ്ദേശിച്ചതിന്റെ നാലിലൊന്നുപോലും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍കൂടി ഉണ്ടായതോടെ പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ വഷളാവുകയും ചെയ്തിരിക്കുകയാണ്.