മലയാള സിനിമയായ എക്കോയെ പ്രശംസിച്ച് തമിഴ് സൂപ്പര്‍താരം ധനുഷ്. ഒടിടിയില്‍ ചിത്രം കണ്ട ശേഷമാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. ‘ചിത്രം ഒരു മാസ്റ്റര്‍പീസ് ആണ്. നടി ബിയാന മോമിന്‍ അഭിനയത്തിനുള്ള എല്ലാ വലിയ അംഗീകാരങ്ങളും അര്‍ഹിക്കുന്നു. ലോക നിലവാരത്തിലുള്ള പ്രകടനം’ എന്നായിരുന്നു ധനുഷിന്റെ വാക്കുകള്‍. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നെറ്റ്ഫ്‌ളിക്‌സിലൂടെ ഡിസംബര്‍ 31നാണ് എക്കോയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. റിലീസിന് പിന്നാലെ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. 2024 നവംബര്‍ 21ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടി. വലിയ പ്രീറിലീസ് ബഹളങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെ എത്തിയ ചിത്രം, പ്രേക്ഷകപ്രീതി നേടിയതോടെ തിയറ്ററുകളിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ എക്കോ തിയറ്റര്‍ റിലീസില്‍ 50 കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ മറുഭാഷാ പ്രേക്ഷകരിലേക്കും ചിത്രം വ്യാപകമായി എത്തി, സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന എക്കോ, മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം നല്‍കുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതേ രചയിതാവും സംവിധായകനും വീണ്ടും ഒന്നിച്ചതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ബാഹുല്‍ രമേശ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംവിധാനം ദിന്‍ജിത്ത് അയ്യത്താനാണ്. ബാഹുല്‍ രമേശിന്റെ ‘അനിമല്‍ ട്രൈലജി’ യിലെ മൂന്നാമത്തെ ഭാഗമാണ് എക്കോ.
കിഷ്‌കിന്ധാ കാണ്ഡയും ജിയോ ഹോട്ട്‌സ്റ്റാറിലെ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണും ഇതേ ട്രൈലജിയിലെ ഭാഗങ്ങളാണ്. സന്ദീപ് പ്രദീപ്, വിനീത്, നരെയ്ന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ താരനിരയാണ് ചിത്രത്തിലുള്ളത്. സംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദാണ്. വിമര്‍ശകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ എക്കോ, മലയാള സിനിമയുടെ പുതിയ ഉയരമായി മാറുകയാണ്.