മാസ്‌ക്കോ: ഇന്നും ലോകകപ്പില്‍ രണ്ട് നിര്‍ണായക യുദ്ധങ്ങള്‍. ആദ്യം ഇംഗ്ലണ്ടും സ്വീഡനും. പിന്നെ റഷ്യയും ക്രൊയേഷ്യയും. മല്‍സരിക്കുന്നത് നാലും യൂറോപ്യന്‍ ടീമുകള്‍. എല്ലാവരും ഒരേ ശൈലിക്കാര്‍. പ്രാരംഭ ഘട്ടത്തില്‍ കരുത്ത്് തെളിയിച്ചവര്‍. സെമിഫൈനല്‍ എന്ന വലിയ ലക്ഷ്യത്തിലേക്ക്് പന്ത് തട്ടുന്ന നാല് പേരും വിജയ പ്രതീക്ഷകളിലാണ്.
സമാറയിലാണ് ഈ അങ്കം. ഇംഗ്ലണ്ട് ക്വാര്‍ട്ടറിന് യോഗ്യത നേടിയത് പൊരുതിയ കൊളംബിയയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ്. സ്വീഡനാവട്ടെ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ മറികടന്നു. താരബലത്തില്‍ ഇംഗ്ലണ്ടാണ് ബഹുദൂരം മുന്നില്‍. ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോളുകളുമായി കുതിക്കുന്ന ഹാരി കെയിനാണ് നായകന്‍. ഒപ്പം കൈല്‍ വാല്‍ക്കറില്‍ തുടങ്ങി റഹീം സ്റ്റെര്‍ലിംഗ് വരെ ഒരു പിടി യുവതാരങ്ങളും. സൂപ്പര്‍ താരങ്ങളില്ലാത്തതാണ് സ്വീഡന്റെ പ്ലസ്. ആന്‍ഡ്രിയാസ് ഗ്രാന്‍ക്വസ്റ്റ് നയിക്കുന്ന സ്‌കാന്‍ഡിനേവിയക്കാരുടെ ശക്തി സംഘബലമാണ്. എല്ലാ കളികളിലും അതാണവര്‍ തെളിയിക്കുന്നത്. ചരിത്രത്തില്‍ ഇംഗ്ലണ്ടിന് 66 ലെ നേട്ടമുണ്ട്. സ്വീഡനാവട്ടെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചവരും ഒരു തവണ മൂന്നാം സ്ഥാനം സ്വന്തമാക്കിയവരും.
വീരവാദങ്ങള്‍ക്കൊന്നും രണ്ട് പരിശീലകരും മുതിരുന്നില്ല. മാന്യനാണ് ഇംഗ്ലണ്ടിന്റെ അമരക്കാരന്‍ ഗാരത്് സൗത്ത്‌ഗെയിറ്റ്. സ്വീഡന്‍ ശക്തരായ പ്രതിയോഗികളാണെന്നും ജാഗ്രതയോടെ കളിക്കാത്തപക്ഷം തിരിച്ചടിയുണ്ടാവുമെന്നും ഇന്നലെ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കില്‍ ഇംഗ്ലീഷ് താരനിരയെ തങ്ങള്‍ ബഹുമാനിക്കുന്നതായാണ് സ്വീഡിഷ് കോച്ച് ജാനെ ആന്‍ഡേഴ്‌സണ്‍ പറഞ്ഞിരിക്കുന്നത്. പരസ്പര ബഹുമാനത്തോടെയുളള ഈ സംസാരത്തില്‍ നിന്നും ഗെയിമിന്റെ മാന്യതയും വ്യക്തമാണ്. കൊളംബിയക്കാര്‍ പുറത്തെടുത്ത ആരോഗ്യ ഗെയിമിന് സ്വീഡന്‍ മുതിരില്ല എന്നത് ഇംഗ്ലണ്ടിന്റെ ആശ്വാസമാണെങ്കില്‍ പ്രൊഫഷണലിസം മുറുകെ പിടിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ആ നിലവാരം കാക്കുമെന്ന പ്രതീക്ഷകളിലാണ് സ്വീഡന്‍.
ഇനി ആരാവും മല്‍സരഗതിയെ സ്വാധീനിക്കാന്‍ ശക്തിയുള്ള താരം. ഇംഗ്ലീഷ് നിരയില്‍ നായകന്‍ ഹാരി തന്നെ. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ ഉയരങ്ങളിലെത്തിച്ച ഹാരിക്കൊപ്പം അതേ ക്ലബിലെ മുന്‍നിരക്കാരന്‍ ഡാലെ അലിക്ക് ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാവും. റഹീം സ്‌റ്റെര്‍ലിംഗും മുന്‍നിരയില്‍ കളിക്കുമ്പോള്‍ മധ്യനിരയില്‍ ജെസി ലിന്‍ഗാര്‍ഡ്, ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരുണ്ടാവും. ആഷ്‌ലി യംഗ് തന്നെ പ്രതിരോധത്തെ നയിക്കും. ഗോള്‍വലയത്തില്‍ പിക്‌ഫോര്‍ഡും. സ്‌റ്റെര്‍ലിംഗ് ഇത് വരെ ഗോളടിച്ചിട്ടില്ല-പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനാണ് കക്ഷി. ഇന്ന് ഒരു പക്ഷേ സ്‌റ്റെര്‍ലിംഗ് എന്ന കുറിയ താരത്തിന്റെ ദിനമായിരിക്കും. സ്വീഡിഷ് മുന്‍നിരയില്‍ വലിയ ക്ലബുകാര്‍ ആരുമില്ല. പ്രീമിയര്‍ ലീഗില്‍ ഹള്‍ സിറ്റിക്കായി കളിക്കുന്ന സെബാസ്റ്റിയന്‍ ലാര്‍സണാണ് മധ്യനിരയെ നയിക്കുന്നത്. മുന്‍നിരയില്‍ കളിക്കുന്ന മാര്‍ക്കസ് ബെര്‍ഗ് യു.എ .ഇ ലീഗില്‍ അല്‍ ഐന്‍ താരമാണ്. ഫ്രഞ്ച് ലീഗില്‍ ടോളൂസിനായി പന്ത് തട്ടുന്ന ഒലടൈവോനോനാണ് മറ്റൊരു അപകടകാരി. റോബിന്‍ ഓല്‍സനാണ് വല കാക്കുന്നത്. നായകന്‍ ആന്‍ഡ്രിയാസ് പ്രതിരോധവും.
താരബലത്തില്‍ ഇംഗ്ലണ്ടിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇംഗ്ലീഷുകാരെല്ലാം വലിയ പ്രതീക്ഷകളിലുമാണ്. ഭാഗ്യവും തുണ നിന്നാല്‍ ഹാരി കെയിന്‍ സംഘം സെമിയിലെത്തും.