News

ലോകകപ്പ് ക്വാളിഫയര്‍: അപ്രതീക്ഷിത തോല്‍വികളോടെ ബ്രസീലും അര്‍ജന്റീനയും പിന്നോട്ട്

By webdesk17

September 10, 2025

ലാ പാസ്: ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു. ബൊളീവിയയ്ക്കെതിരെ ഏകഗോളിന് വഴങ്ങിയതാണ് ബ്രസീലിന്റെ പരാജയം. 2019ന് ശേഷം ആദ്യമായാണ് ബൊളീവിയ ബ്രസീലിനെ തോല്‍പിക്കുന്നത്. മിഗ്വെല്‍ ട്രെസെറോസിന്റെ ഗോളാണ് വിജയത്തിന് അടിത്തറ. ഇതോടെ ബൊളീവിയ പ്ലേയോഫ് ഘട്ടത്തിലേക്ക് യോഗ്യത നേടി. 18 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റ് മാത്രമാണ് സമ്പാദിച്ചത് കൊണ്ട് ബ്രസീല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഒതുങ്ങി. ലോകകപ്പ് ക്വാളിഫയര്‍ ചരിത്രത്തിലെ അവരുടെ ഏറ്റവും മോശം നേട്ടവുമാണിത്.

അര്‍ജന്റീനയ്ക്കും അവസാന മത്സരത്തില്‍ തിരിച്ചടിയായിരുന്നു. മെസിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്‍മാര്‍ക്ക് ഇക്വഡോറിനെതിരെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെന്‍ഡി ചുവപ്പ് കാര്‍ഡ് കണ്ടതോടെ അര്‍ജന്റീന സമ്മര്‍ദ്ദത്തിലായി. 45-ാം മിനുട്ടില്‍ എന്റര്‍ വലെന്‍സിയ പെനാല്‍റ്റി വഴി ഇക്വഡോറിന് വിജയഗോള്‍ സമ്മാനിച്ചു. വിജയത്തോടെ ഇക്വഡോര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മറ്റു മത്സരങ്ങളില്‍ കൊളംബിയ വെനസ്വേലയെ 3-6ന് തോല്‍പ്പിച്ചു. പരാഗ്വേ 1-0ന് പെറുവിനെ കീഴടക്കി. ഉറുഗ്വായും ചിലിയും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയായി.