മുഹമ്മദ് ഷാഫി

പെറു 0 – ഡെന്‍മാര്‍ക്ക് 1

#PerDen

ആന്ദ്രേ കരിയ്യോ. ഗ്രൂപ്പ് സിയിലെ പെറു-ഡെന്മാര്‍ക്ക് പോരാട്ടത്തിലെ താരം ഇയാളായിരുന്നു. ഫുട്‌ബോള്‍ മൈതാനം മുഴുക്കെ തനിക്ക് മേഞ്ഞുനടക്കാന്‍ തീറെഴുതപ്പെട്ടതാണെന്ന വിധമായിരുന്നു കരിയ്യോയുടെ നീക്കങ്ങള്‍. പക്ഷേ, കളി അവസാനിക്കുമ്പോള്‍ പെറു തോറ്റുപോയ ടീമായി.

ഈ ലോകകപ്പിലെ കറുത്ത കുതിരകളാവുമെന്ന് ‘ഗ്രേസ്‌നോട്ട്’ പ്രവചിച്ച ടീമാണ് പെറു. അതിനുള്ള കളി തങ്ങളുടെ കാല്‍ക്കലുണ്ടെന്ന് അവര്‍ കാണിക്കുകയും ചെയ്തു. പക്ഷേ, അസമയത്ത് വീണ ഒരുഗോള്‍, ഡെന്‍മാര്‍ക്കിന്റെ ബോക്‌സില്‍ പാഴായ അസംഖ്യം അവസരങ്ങള്‍, കാസ്പര്‍ ഷ്‌മൈക്കല്‍ എന്ന കാവല്‍ക്കാരന്റെ ഉരുക്കുമുഷ്ടികള്‍, ലാറ്റിനമേരിക്കന്‍ ആക്രമണാത്മകതയെ വെല്ലുന്ന യൂറോപ്യന്‍ ഡിഫന്‍സിന്റെ പ്രാഥമിക പാഠങ്ങള്‍… ടൂര്‍ണമെന്റില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് മികച്ച കളികളിലൊന്ന് കാഴ്ചവെച്ചിട്ടും പെറു തോറ്റു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ റഫറി നിഷേധിച്ചിട്ടും വി.എ.ആര്‍ കനിഞ്ഞ പെനാല്‍ട്ടി ക്രിസ്റ്റ്യന്‍ ക്യൂവ ക്രോസ്ബാറിനു മുകളിലൂടെ അടിച്ചുപറത്തിയത് അവരുടെ കണ്ണീരായി.

ഗുട്മാന്‍ ശാപമുള്ള ബെന്‍ഫിക്കക്ക് ആന്ദ്രേ കരിയ്യോയെ ഇനി ഒളിച്ചുവെക്കാന്‍ കഴിയില്ല. സ്‌പെയിനിലെയോ ഇംഗ്ലണ്ടിലെയോ വന്‍കിട ക്ലബ്ബുകള്‍ അയാള്‍ക്കു വേണ്ടി വലയെറിയും. ഒന്നാം നിരയില്‍ കളിക്കാന്‍ യോഗ്യതയുള്ള എല്ലാം അയാളുടെ കാലുകളിലുണ്ട്. കരിയ്യോ മാത്രമല്ല, എഡിന്‍സന്‍ ഫ്‌ളോറസ്, ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, റെനറ്റോ ടാപ്പിയ, പകരക്കാരനായി ഇറങ്ങിയ ഗ്വെറേറോ… കയറൂരിവിട്ട പെറുവിയന്‍ യാഗാശ്വത്തിന്റെ കാലുകളായിരുന്നു എല്ലാവരും. പക്ഷേ, ഭാഗ്യം കൂടുതല്‍ ഡെന്മാര്‍ക്കിനായിരുന്നു. മികച്ച ഗോളിയും ഡിഫന്‍സിലെ മനസ്സാന്നിധ്യവും അവര്‍ക്കുണ്ടായിരുന്നു.

ഫ്രാന്‍സിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി പെറു മുന്നേറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് സംഭവിച്ചില്ലെങ്കില്‍ മനോഹരമായി പന്തുകളിക്കുന്ന ഒരു ടീം നമുക്ക് പ്രാഥമിക റൗണ്ടില്‍ കളഞ്ഞുപോകും. ഫ്രാന്‍സുമായി ഒരു സമനില, ഓസ്‌ട്രേലിയക്കെതിരെ ഒരു Hard Fought ജയം. പെറു മുന്നേറണം, മുന്നേറും…