ഷംസീര്‍ കേളോത്ത്

വെറുപ്പിന്റെ ഉപാസകര്‍ക്ക് സകലതിനോടും വെറുപ്പായിരിക്കും. തങ്ങളുടേതല്ലാത്തതൊക്കെ അരോചകമായിതോന്നും. എതിരാളികളുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നതൊക്കെ ഇല്ലാതാക്കപ്പെടണമെന്ന ചിന്തയായിരിക്കും അവരെ നയിക്കുക. സദാ വെറുപ്പിനെ ഉപാസിച്ച് സമൂഹത്തിനും സ്വന്തത്തിനു തന്നെയും അവര്‍ ദ്രോഹംചെയ്തുകൊണ്ടിരിക്കും.

രാജ്യത്തെ പ്രശസ്തമായ വസ്ത്ര വ്യാപാര ശൃംഖലയായ ഫാബ് ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഫാബ് ഇന്ത്യയുടെ വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനവും ഇത്തരത്തിലുള്ള ഒന്നാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫാബ് ഇന്ത്യയുടെ പരസ്യവാചകങ്ങളിലൊന്നാണ് സംഘ്പരിവാര്‍ ശക്തികളെ പ്രകോപിപ്പിച്ചത്. ജഷന്‍എറിവാസ് എന്ന തലക്കെട്ടോടെ കമ്പനി പുറത്തിറക്കിയ പുതിയതരം വസ്ത്രങ്ങളും അതിന്റെ പരസ്യവും ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുന്നതും ഹിന്ദു ഉല്‍സവത്തെ ഇബ്രാഹീമി ആശയധാരയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവുമായാണ് ബി.ജെ.പിയുടെ യുവജനവിഭാഗം നേതാവും ബംഗളുരുവില്‍നിന്നുള്ള യുവ എം.പിയുമായ തേജസ്വിസൂര്യ കണ്ടത്. സാമ്പത്തികമായുള്ള പ്രത്യാഘാതങ്ങളെപറ്റി അദ്ദേഹം മുന്നറിയിപ്പും നല്‍കി. തുടര്‍ന്ന് ഫാബ്ഇന്ത്യയെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങളുമുണ്ടായി. അരികുവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്‌കാരങ്ങളുടെമേല്‍ അധീശത്വ പ്രത്യയശാസ്ത്രങ്ങളുടെ ആധിപത്യം വീണ്ടും വ്യക്തമായി ചിത്രീകരിക്കുന്നതായിരുന്നു വിവാദം. ജഷന്‍എറിവാസ് എന്നാല്‍ പാരമ്പര്യ ആചാരങ്ങളുടെ ഉല്‍സവം എന്നാണ്. ആ വാചകം സെമിറ്റിക് മതങ്ങളായ യഹൂദ, ക്രിസ്ത്യന്‍, മുസ്‌ലിം മത ചിഹ്നങ്ങളെയോ വിശ്വാസത്തെയോ ഒന്നും തന്നെ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍കൂടി എങ്ങനെയാണ് ബി.ജെ.പി നേതാവിന് ആ പരസ്യവാചകത്തെ മതങ്ങളുമായി ചേര്‍ത്ത് വായിക്കാനാവുന്നത്. കാരണം മറ്റൊന്നുമല്ല, പരസ്യവാചകത്തിലെ പദങ്ങള്‍ ഉറുദുവുമായി ബന്ധപ്പെട്ടതാണ് എന്നതിനാലാണ്. ഉറുദുവിനെ ചരിത്രപരമായിതന്നെ മുസ്‌ലിംകളോട് ചേര്‍ത്ത്‌വെച്ച് ആ ഭാഷയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ വ്യാപൃതരായിട്ടുള്ളവര്‍ക്ക് ചിന്തിക്കാവുന്നതിലും വലിയ പാതകമായിരുന്നു ഉറുദുപദം ഉപയോഗിച്ച് ദീപാവലി സീസണിലെ ഫാബ് ഇന്ത്യയുടെ ആഘോഷങ്ങള്‍ക്ക് പേര് നല്‍കുക എന്നത്. വിവാദം തുടങ്ങിയപ്പോള്‍തന്നെ പരസ്യം പിന്‍വലിച്ച് പിന്‍വാങ്ങുകയാണ് ഫാബ് ഇന്ത്യ ചെയ്തത്. തങ്ങളുടെ കച്ചവടം കുറയുന്നതിനേക്കാള്‍ അവര്‍ ഭയപ്പെട്ടിട്ടുണ്ടാവുക കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാവാനിടയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെയാണ്. അനിയന്ത്രിതമായി തുടരുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് ആ പേടി സ്വാഭാവികമാണ്. സ്ത്രീ അഭിനേതാക്കള്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു മറ്റൊരു വിമര്‍ശനം. ആനന്ദ് രംഗനാഥന്‍ എന്ന വലത് ചിന്തകന്‍ സിന്ദൂരം ചാര്‍ത്താത്ത സ്ത്രീകളെ അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഉപമിച്ചത് മുരിങ്ങാക്കായ ഇല്ലാത്ത സാമ്പാറിനോടാണ്. തീവ്രവലത് ചിന്തകള്‍ക്ക് പ്രചാരം നല്‍കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും പുരുഷാധിപത്യ ചിന്തയില്‍ നിന്നുള്ളതുമാണെന്ന് പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഉറുദുവിനോടുള്ള വെറുപ്പ്

ഭാരതം സംസ്‌കാരങ്ങളുടെ സംഗമഭൂമിയായിരുന്നുവെന്ന് ആലങ്കാരികമായി പറയുന്നതല്ല. വിവിധ ഭാഷകള്‍ സമന്വയിച്ച് പല ഭാഷകള്‍, സംസ്‌കാരങ്ങള്‍ ഈ മണ്ണില്‍ ഉത്ഭവിച്ചിട്ടുണ്ട്. ഗംഗായമുനാ തഹ്‌സീബ് (സംസ്‌കാരം) എന്ന് പേരിട്ടുവിളിക്കപ്പെടുന്ന സാംസ്‌കാരിക സമന്വയത്തിന്റെ ഏറ്റവും മികച്ച പ്രതീകമാണ് ഉറുദു ഭാഷ. മുഗള്‍ ഇസ്‌ലാമിക ചിന്തകളും സംസ്‌കാരങ്ങളും ആവാഹിച്ച യമുനയും ഹൈന്ദവ ദര്‍ശനങ്ങളുടെ സംഗമവേദിയായ ഗംഗയും ചേര്‍ന്നൊഴുകുന്ന നാട്. ഈ സംസ്‌കാരത്തിന്റെ പ്രതീകമായി ഉയിര്‍ക്കൊണ്ട ഭാഷയാണ് ഉറുദു. ഈ ഭാഷയെ മുസ്‌ലിംകളുമായിമാത്രം ചേര്‍ത്തിക്കെട്ടുന്നവര്‍ ചരിത്രത്തെ മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. മഹാത്മാഗാന്ധിയെ നാഥുറാം ഗോദ്‌സെ വധിച്ചപ്പോള്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത് ഉറുദു ഭാഷയിലായിരുന്നു. മുഗള്‍ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷ പലരും കരുതുന്നത്‌പോലെ ഉറുദുവായിരുന്നില്ല, പേര്‍ഷ്യനായിരുന്നു. സാധാരണക്കാരന്റെ ഹൃദയവികാരങ്ങളെ ഉള്‍ക്കൊണ്ട ജനകീയ ഭാഷയായിരുന്നു ഉറുദു. എന്നാല്‍ ബ്രിട്ടീഷ് ചരിത്രരചനയില്‍ നിന്നുയിര്‍ക്കൊണ്ട മുസ്‌ലിം വിരുദ്ധതതയില്‍ നിന്നാണ് ഉറുദുവിനെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ വെറുപ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നത്. ഇന്നത് എല്ലാ സീമകളും ലംഘിച്ച് ആ ഭാഷയുടെ എല്ലാ പ്രയോഗങ്ങളെയുംതന്നെ നിരോധിക്കുന്ന തരത്തിലേക്ക് ബഹിഷ്‌ക്കരിക്കുന്നതിലേക്ക് മാറിയിരിക്കുന്നു. രാജ്യതലസ്ഥാനത്തടക്കം സ്ഥലനാമങ്ങള്‍ എഴുതിവെച്ചിട്ടുള്ള ബോര്‍ഡുകളില്‍ ഇപ്പോഴും ഇംഗ്ലീഷും ഹിന്ദിയും പഞ്ചാബിയും കൂടെ ഉറുദുവും കാണാം. എന്നാല്‍ പലയിടത്തും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഉറുദുവിലുള്ള പദങ്ങള്‍ മായ്ച്ചുകളയുന്ന വാര്‍ത്തകളാണ് വരുന്നത്.

ഫാബ് ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഉറുദുഭാഷാപദങ്ങള്‍ ഉപയോഗിച്ചുള്ള പരസ്യങ്ങളോ പേരുകളോ ഉപയോഗിച്ചാല്‍ നിങ്ങളും നിങ്ങളുടെ സ്ഥാപനവും ബഹിഷ്‌കരിക്കപ്പെടുമെന്നല്ലേ. ഭരണഘടനാനിര്‍മ്മാണ സമിതിയിലടക്കം ഹിന്ദിയെ മറ്റു ഭാഷകള്‍ക്ക് അതീതമായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ചവരുണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടനയെപറ്റി സമഗ്ര പഠനം നടത്തിയ ഓസ്റ്റിനെ പോലെയുള്ളവര്‍ പറയുന്നത് രാജ്യത്തിന്റെ ഐക്യം തകര്‍ന്നാലും പ്രശ്‌നമില്ല ഹിന്ദിയെ ദേശീയ ഭാഷയാക്കിയാല്‍ മതിയെന്ന നിലപാടായിരുന്നു ഈ കൂട്ടര്‍ക്ക് എന്നാണ്. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബടക്കമുള്ളവര്‍ ഇതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍ എന്ന സംഘ്പരിവാരത്തിന്റെ അടിസ്ഥാന മുദ്രാവാക്യങ്ങളെ വ്യത്യസ്തതകളെ ആഘോഷിച്ച്‌കൊണ്ടാണ് ഈ രാജ്യം എന്നും പ്രതിരോധിച്ചത്. ഉറുദു ഭാഷ പിറന്ന ഡല്‍ഹിയില്‍ ആ ഭാഷയെ ആഘോഷിക്കാനായി പരിപാടി സംഘടിപ്പിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് വര്‍ണ്ണ മത ജാതി ഭേദമന്യേ ലഭിച്ചത്. തിട്ടൂരങ്ങളെ ഭയപ്പെടാതെ നേരിനൊപ്പം നില്‍ക്കാന്‍ ഫാബ് ഇന്ത്യ പോലെയുള്ള കമ്പനികള്‍ക്കും ബാധ്യതയുണ്ട്. ആന്റി സെമിറ്റിസം കത്തിപടരുന്ന നാളുകളില്‍ നാസി പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് നിരവധി പാശ്ചാത്യന്‍ കമ്പനികളാണ് പിന്നീട് വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. വ്യാപാരത്തിലെ മേന്‍മയ്ക്ക് മാത്രമല്ല നേരിനോടുള്ള പ്രതിപത്തിക്ക്കൂടിയായിരിക്കും ചരിത്രം ഇത്തരം സ്ഥാപനങ്ങളെയും വിലയിരുത്തുക.

‘പാക്കിസ്താനില്‍ പോ’

മുഹമ്മദ് ഷമിയോട് പാക്കിസ്താനില്‍ പോകാനാണ് ചില സൈബര്‍ പോരാളികള്‍ ആക്രോശിക്കുന്നത്. ഇന്ത്യ പാക്കിസ്താനോട് ക്രിക്കറ്റ് മല്‍സരത്തില്‍ തോറ്റുപോയി എന്നതാണ് കാരണം. മറ്റ് കായിക താരങ്ങളോടൊന്നുമില്ലാത്ത ഈ ആവശ്യം എന്തുകൊണ്ടാണ് ഷമിയോട് ചിലര്‍ ഉയര്‍ത്തുന്നത് എന്നിടത്താണ് വിഷയം. അദ്ദേഹം ടീമിലെ ഏക മുസ്‌ലിം കായിക താരമാണ് എന്നതാണ്. നിരവധി മല്‍സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞ് ദേശീയ ടീമിനെ വിജയത്തിലേക്ക് നയിച്ച ഷമി പരാജയം നുണയുമ്പോഴേക്ക് ദേശദ്രോഹിയും പാക്കിസ്താനിലേക്ക് പോകേണ്ടവനുമായി തോന്നുന്നത് രൂഢമൂലമായ മുസ്‌ലിം വിരുദ്ധത കൊണ്ടാണ്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്‌കന്റില്‍ വെച്ച് മരണമടഞ്ഞപ്പോള്‍ ഔദ്യോഗിക പാചകക്കാരന്‍ മുസ്‌ലിമായിരുന്നതിന്റെ പേരില്‍ അയാള്‍ നേരിട്ട ആരോപണങ്ങളും മറ്റും അദ്ദേഹത്തിന്റെ ദേശക്കൂറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മുസ്‌ലിമിന്റെ ദേശക്കൂറ് ചോദ്യംചെയ്യപ്പെടാന്‍ സാഹചര്യതെളിവുകളോ മറ്റ് കാരണങ്ങളോ ഒന്നും വേണ്ട, അവന്റെ മതം തന്നെ ധാരാളമെന്ന ഫാഷിസ്റ്റ് യുക്തിയെ ചോദ്യംചെയ്യേണ്ടതുണ്ട്. മല്‍സരം തോറ്റതിന് പിന്നാലെ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചാബില്‍ മര്‍ദ്ദനമേറ്റതും ഇതോട് ചേര്‍ത്ത്‌വായിക്കണം. മുഹമ്മദ് ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയുടെയും മുന്‍ ക്രിക്കറ്റ് താരങ്ങളുടെയും നടപടി നല്ല നാളേയ്ക്കുള്ള പ്രതീക്ഷകൂടി പങ്കുവെക്കുന്നുണ്ട്.