കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിലുണ്ടായ മുറിവ് ദീര്‍ഘനാളായിട്ടും ഉണങ്ങാത്തതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് മുറിച്ചുമാറ്റപ്പെട്ട വലതുകാലിന്റെ അവശേഷിക്കുന്ന ഭാഗത്ത് ഉണ്ടായ മുറിവ് ഭേദമാകാത്തതാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം.
ദീര്‍ഘകാലമായുള്ള ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയിലുണ്ടായ തകരാറുകളാണ് മുറിവ് ഉണങ്ങാന്‍ വൈകുന്നതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. നിലവില്‍ സി.ടി സ്‌കാന്‍, ഡോപ്ലര്‍ സ്‌കാന്‍, എക്കോ, ഇസിജി തുടങ്ങി വിവിധ പരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ട്.
നെഫ്രോളജിസ്റ്റ് ഡോ. പി.എച്ച് മുഹമ്മദ് ഇഖ്ബാല്‍, വാസ്‌കുലര്‍ സര്‍ജറി മേധാവി ഡോ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫലപ്രദമായ വിദഗ്ധ ചികിത്സയിലൂടെ ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കാമെന്നുമാണ് സംഘം അറിയിച്ചിരിക്കുന്നത്.