മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ 43 പന്തിൽ പുറത്താകാതെ നേടിയ 71 റൺസാണ് മുംബൈയുടെ വിജയശിൽപി. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ നാല് ബോൾ ബാക്കി നിൽക്കെയാണ് മുംബൈ ലക്ഷ്യം മറികടന്നത്.
നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. 33 പന്തിൽ 43 റൺസ് നേടിയ ജോർജിയ വാരെഹാമാണ് ടോപ് സ്‌കോറർ. ബെത്ത് മൂണി (33), ഭാരതി ഫുൽമാലി (36), കനിക അഹുജ (35) എന്നിവരും ഗുജറാത്തിന്റെ സ്‌കോറിന് കരുത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഗുണലൻ കമാലിനിയെ നഷ്ടമായി. രേണുക സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ അമൻജോത് കൗർ 26 പന്തിൽ ഏഴ് ബൗണ്ടറികൾ അടിച്ച് 40 റൺസ് നേടി ചേസിന് ശക്തി പകർന്നു. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആക്രമണാത്മക ബാറ്റിംഗുമായി മുന്നിൽ നിന്നു.
അവസാന ഓവറിൽ അഞ്ച് റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ, ആദ്യ പന്തിൽ ഒരു റണ്ണെടുത്ത് നിക്കോള കെയറി ഹർമൻപ്രീതിന് സ്ട്രൈക്ക് കൈമാറി. രണ്ടാം ബോളിൽ ബൗണ്ടറി അടിച്ച് ഹർമൻപ്രീത് മുംബൈ ഇന്ത്യൻസിന് ആവേശകരമായ ജയം സമ്മാനിച്ചു.