india

ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഗുസ്തി താരങ്ങൾ

By webdesk13

June 10, 2023

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്‍ ഇന്ന് ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ നിലപാട് അറിയിച്ചത്.

ജൂണ്‍ 15നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങള്‍ ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകും, മാനസികമായി തങ്ങള്‍ നേരിടുന്ന സംഘര്‍ഷം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

ഇതിനിടെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളുമായി ഡല്‍ഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടില്‍ കണ്ടെന്നതരത്തിലുള്ള വാര്‍ത്തകളും വെള്ളിയാഴ്ച പരന്നു. വാര്‍ത്തകള്‍ നിഷേധിച്ച വിനേഷ് ഫോഗട്ട്, മസില്‍പവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.