കെഎസ് മുസ്ഥഫ

മാനന്തവാടി: പടിഞ്ഞാറത്തറ മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപം കാപ്പിക്കളത്ത് മാവോയിസ്റ്റിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസ് നിലപാടില്‍ അടിമുടി ദുരൂഹത. വെടിവയ്പ്പ് നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കോ പ്രദേശവാസികള്‍ക്കോ പൊലീസ് പ്രവേശനാനുമതി നല്‍കിയിട്ടില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഏകദേശം രണ്ടു കിലോമീറ്റര്‍ അകലെ വച്ച് പൊലീസ് തടയുകയായിരുന്നു.

രാവിലെ എട്ടര മണിയോടെയാണ് വെടിവയപ്പ് നടന്നത് എന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അവിടേക്ക് പ്രവേശനം നല്‍കാനോ മൃതദേഹം കാണാനോ പൊലീസ് അനുമതി നല്‍കിയിട്ടില്ല. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ പോലും ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായിട്ടുമില്ല.

സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍

അതേസമയം, നക്‌സല്‍ വിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസ്, ജില്ലാ പൊലീസ് മേധാവി പൂങ്കുഴലി ഐപിഎസിനൊപ്പം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഉന്നത റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

രാവിലെയുണ്ടായ വെടിവയ്പ്പില്‍ തമിഴ്‌നാട് സ്വദേശി മുരുകന്‍ എന്നയാളാണ് മരിച്ചത് എന്നാണ് സൂചന. ബാണാസുര വനമേഖലയില്‍ വച്ച് മാനന്തവാടി എസ്‌ഐ ബിജു ആന്റണിക്കും തണ്ടര്‍ബോള്‍ട്ട് സംഘത്തിനും നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

സംഘത്തില്‍ ആറു പേരാണ് ഉള്ളതെന്ന് ജില്ലാ പൊലീസ് മേധാവി പൂങ്കുഴലി പറഞ്ഞു. പൊലീസ് വെടിവയ്പ്പില്‍ അഞ്ചു പേര്‍ ചിതറിയോടുകയായിരുന്നു. ഇവര്‍ക്കായി വനത്തില്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.