ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ ആഞ്ഞടിച്ച് ബി.ജെ.പി അംഗവും മുന്‍ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്ക്കു കാരണം ജെയ്റ്റ്‌ലിയുടെ ഉദാസീന സമീപനമാണെന്നും നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്പത്തിക രംഗത്തെ പിറകോട്ടടിപ്പിച്ചെന്നും വാജ്‌പെയ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ ‘ഇന്ത്യന്‍ എക്‌സ്പ്രസി’ല്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
‘ഇപ്പോള്‍ ഞാന്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടിലുള്ള ലേഖനം ധനകാര്യ മന്ത്രിയുടെ ചെയ്തികളെപ്പറ്റി ഇപ്പോഴെങ്കിലും പറയുക എന്നത് രാജ്യത്തോടുള്ള തന്റെ ബാധ്യതയാണെന്നും ബി.ജെ.പിയിലുള്ളവര്‍ വാ തുറക്കാത്തത് പേടി കൊണ്ടാണെന്നും പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്.
പ്രധാനപ്പെട്ട നാല് മന്ത്രാലയങ്ങളുടെ ചുമതലകള്‍ ജെയ്റ്റ്‌ലിയെ ഒറ്റയടിക്ക് ഏല്‍പ്പിച്ചത് ശരിയായില്ലെന്നും ധനമന്ത്രാലയം തന്നെ അതീവ ദുര്‍ഘടമായ ജോലികള്‍ ഉള്ള സ്ഥലമാണെന്നും സിന്‍ഹ പറയുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ചെയ്താലും തീരാത്ത ജോലികളാണ് ധനകാര്യ മന്ത്രാലയത്തിലേത്.
ഉദാരവല്‍ക്കരണത്തിനു ശേഷം ഇന്ത്യയില്‍ ചുമതലയേറ്റ ഏറ്റവും ഭാഗ്യവാനായ ധനകാര്യ മന്ത്രിയായിരുന്നു ജെയ്റ്റ്‌ലി. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഇടിഞ്ഞത് വന്‍ ഭാഗ്യമാണ് സമ്മാനിച്ചത്. ഇത് ഭാവനാപൂര്‍ണമായി ഉപയോഗിക്കണമായിരുന്നു. എന്നാല്‍ പഴയ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയും പുതിയവയെ നേരിടാന്‍ കഴിയാതിരിക്കുകയുമാണുണ്ടായത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും മോശം അവസ്ഥയാണ് സാമ്പത്തിക രംഗത്തേത്. വ്യവസായം, കൃഷി, നിര്‍മാണ മേഖല, സേവന മേഖല എല്ലാം തിരിച്ചടി നേരിട്ടു. കയറ്റുമതി കുറഞ്ഞു. എല്ലാ മേഖലയും വന്‍ സാമ്പത്തിക ബാധ്യതയിലാണ്. നോട്ട് നിരോധനം ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക ദുരന്തത്തിന് വഴിവെച്ചു. മോശമായി നടപ്പിലാക്കിയ ജി.എസ്.ടി ബിസിനസുകളെ തകര്‍ത്തു. കോടിക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമായി.
സാമ്പത്തിക തകര്‍ച്ചക്ക് കാരണം നോട്ട് നിരോധനം അല്ലെന്നാണ് സര്‍ക്കാറിന്റെ വക്താക്കള്‍ പറയുന്നത്. ശരിയാണ്, നേരത്തെ തന്നെ തുടങ്ങിയ തകര്‍ച്ച വേഗത്തിലാക്കാന്‍ എണ്ണ പകരുകയാണ് നോട്ട് നിരോധനം ചെയ്തത്.
ജി.എസ്.ടിയില്‍ നിന്ന് ആദ്യപാദത്തില്‍ പ്രതീക്ഷിക്കപ്പെട്ട വരുമാനം 95,000 കോടിയായിരുന്നു. ലഭിച്ചതാകട്ടെ വെറും 65,000 കോടിയും. ചെറുകി, മധ്യ വ്യവസായങ്ങളെ അത് കാര്യമായി ബാധിച്ചു. നോട്ട് നിരോധനത്തിനു ശേഷം ആദായ നികുതി വകുപ്പിന് താങ്ങാവുന്നതിലും കൂടുതല്‍ ജോലിയാണ്. റെയ്ഡുകള്‍ ഒരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു.
നിര്‍മിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സാമ്പത്തിക രംഗത്തെ തകര്‍ക്കാന്‍ കഴിയും. സാമ്പത്തിക രംഗത്തെ ഒറ്റ രാത്രി കൊണ്ട് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മാന്ത്രികവടി ആരുടെയും കൈവശമില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സാമ്പത്തിക മേഖലയെ തിരിച്ചു കൊണ്ടുവരുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ. അത് നടക്കാന്‍ സാധ്യതയില്ല. – സിന്‍ഹ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Be the first to write a comment.