ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസും ജെഡിഎസും ചടങ്ങ് ബഹിഷ്‌കരിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജയുഭായ് വാല അനുമതി നല്‍കിയതായി യെഡിയൂരപ്പ അറിയിച്ചു.
ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായും യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദവുമായി ബിജെപി രംഗത്തെത്തിയിരുന്നു.ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാമെന്ന് പറഞ്ഞ ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയും കഴിഞ്ഞ ദിവസം സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ (കെപിജെപി), കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ള എംഎല്‍എമാരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.