Connect with us

More

യെസ് യുവറോണര്‍ ഹാപ്പിയാണ്, പക്ഷെ…

Published

on

ലുഖ്മാന്‍ മമ്പാട്

എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ പേര് കേട്ടാല്‍ രാജ്യത്തെ സാമാന്യ പൊതു ബോധമുള്ളവരെല്ലാം തിരിച്ചറിയുന്നൊരാളായി ഒരു സാധാരണ പെണ്‍കുട്ടി മാറിയത് യാദൃശ്ചികമല്ല. കോട്ടയം വൈക്കത്തെ അശോകന്‍പൊന്നമ്മ ദമ്പതികളുടെ ഏകമകളാണ് അഖില എന്ന ഹാദിയ. ഭരണകൂടവും ന്യായാധിപന്മാരും നീതിപാലകരും ചില തല്‍പര കക്ഷികളും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്താന്‍ ശ്രമിച്ചപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ നിന്നു അവള്‍. സ്വതന്ത്ര ഇന്ത്യയുടെ എഴുപതാണ്ടിനിടെ സംഭവിച്ചിട്ടില്ലാത്ത വിവേചനത്തിന് ഇരയാക്കപ്പെട്ട അവള്‍ക്ക് പരമോന്നത നീതിപീഠം ഇടപെട്ടാണ് മനുഷ്യാവകാശവും ജീവിതവും നല്‍കിയത്. വിവാഹം അസാധുവാക്കാന്‍ ഒരു കോടതിക്കും അധികാരമില്ലെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മൂന്നു ദിവസത്തെ ലീവ് ചോദിച്ചു വാങ്ങിയാണ് സേലത്തെ കോളജില്‍ നിന്ന് ഷെഫിന്‍ ജഹാന്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. കൊല്ലത്ത് പോയി വീട്ടുകാരെ കണ്ട് സേലത്തേക്ക് മടങ്ങും വഴിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിരുന്നൊരുക്കി നന്ദി പറയാന്‍ കോഴിക്കോട്ടെത്തിയത്. മനുഷ്യാവകാശത്തിനും മൗലികാവകാശത്തിനും വേണ്ടി ചരിത്രത്തില്‍ തുല്ല്യയില്ലാത്ത പോരാട്ടത്തിലൂടെ ഇന്ത്യന്‍ പൗരന്റെ അന്തസ് കാത്ത വര്‍ത്തമാനം പറഞ്ഞു തുടങ്ങുമ്പോള്‍ ക്ഷമാപണവും മേമ്പൊടി ചേര്‍ന്നു. അപ്രിയ സത്യങ്ങളും നോവും കടപ്പാടും പ്രത്യാശയും മിന്നിത്തെളിയുന്ന വാക്കുകള്‍ക്കൊപ്പം സമൂഹത്തിലേക്ക് എറിയുന്ന ചോദ്യങ്ങള്‍ പലയിടത്തും ചെന്നുകൊള്ളുന്നു.

? രാജ്യമാകെ ഉറ്റുനോക്കിയ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിവന്നപ്പോള്‍ എന്തു തോന്നി.

തുല്ല്യനീതിയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. എന്നിട്ടും ഒരിന്ത്യന്‍ പൗരയായ എന്റെ കാര്യത്തില്‍ സുപ്രീം കോടതിവരെ പോവേണ്ടി വന്നു. രണ്ടു സ്വാതന്ത്ര്യത്തിനായാണ് നിയമ പോരാട്ടം നടത്തിയത്. ഒന്ന് ശരിയെന്ന് തോന്നുന്ന മതം സ്വീകരിക്കാനും മറ്റൊന്ന് ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത പങ്കാളിക്കൊപ്പം ജീവിക്കാനും. രണ്ടും പരമോന്നത കോടതി അനുവദിച്ചു തന്നപ്പോള്‍ സന്തോഷമായി. ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിവാദങ്ങളും അനാവശ്യമായ വലിച്ചിഴക്കലുമൊക്കെ വേദനയുണ്ടാക്കുന്നതാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ മാതാപിതാക്കളും കൂടെയുണ്ടായിരുന്നെങ്കില്‍ ഇതിലേറെ സന്തോഷമാകുമായിരുന്നു.

? സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മാതാപിതാക്കളെ കുറിച്ച് അത്രനല്ല അഭിപ്രായമല്ലല്ലോ പറയുന്നത്.

ഞാനറിയുന്ന എന്റെ മാതാപിതാക്കള്‍ ഇങ്ങനെയൊന്നുമല്ല. എനിക്ക് ഏറെ പ്രിയപ്പെട്ടവരാണവര്‍. അവര്‍ക്കും അങ്ങിനെതന്നെയാണ്. ഇപ്പോഴും അവരില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളോട് ഇങ്ങനെ പാടില്ല, ഞാന്‍ ചെയ്തത് തെറ്റായിപ്പോയി, അവരെ കഷ്ടപ്പെടുത്തുന്നു തുടങ്ങിയ അഭിപ്രായങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൊക്കെ കാണാനിടയായി. എന്നോടുള്ള ഇഷ്ടം മുതലെടുത്ത് ചില ദേശവിരുദ്ധ ശക്തികള്‍ അവരെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാന്‍ എന്റെ അച്ഛനെയും അമ്മയെയും ഉപയോഗപ്പെടുത്തിയവരെ കുറിച്ച് ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യമുണ്ടായിട്ടുണ്ടാവും.

മതവിശ്വാസമൊന്നും ഇല്ലാത്ത ആളായിരുന്നു അച്ഛന്‍. അമ്മ അമ്പലത്തിലൊക്കെ പോയിരുന്നു. ഏകെ മകളായ ഞാന്‍ അവരുടെ താല്‍പര്യത്തില്‍ നിന്ന് മാറുമ്പോള്‍ അവര്‍ക്കും വിഷമം കാണും. അതെനിക്കും മനസ്സിലാകും. കോളജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികളില്‍ നിന്ന് ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കിയും ആഴത്തില്‍ പഠിച്ചുമാണ് മുസ്‌ലിമാവാന്‍ തീരുമാനിക്കുന്നത്. 2013ല്‍ മനസ്സില്‍ മുസ്‌ലിമായി (ഖലിമ ചൊല്ലി) ജീവിക്കാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള ചിന്തകളൊന്നും മനസ്സിലില്ല. രണ്ടു വര്‍ഷത്തിന് ശേഷമാണ് എന്റെ വിശ്വാസത്തെ കുറിച്ച് മാതാ പിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്നും ദിവസം രണ്ടു തവണയെങ്കിലും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു.

? പിന്നെ എപ്പോഴാണ് ഇതിന് മാറ്റം വരുന്നത്

ആരെയെങ്കിലും ഇഷ്ടപ്പെട്ട് വിവാഹം കഴിക്കാന്‍വേണ്ടിയായിരുന്നില്ല എന്റെ മതംമാറ്റം. എനിക്ക് ശരിയെന്ന് തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയായിരുന്നു. ആ വിശ്വാസം അനുസരിച്ച് ജീവിച്ചില്ലെങ്കിലും നമുക്ക് ശരിയെന്ന് തോന്നുന്നൊരു കാര്യം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നതും നമുക്കെല്ലാവര്‍ക്കും ഒരു ബുദ്ധിമുട്ടല്ലേ. അത്തരമൊരു അവസ്ഥയിലാണ് ഞാന്‍ വിശ്വസിക്കുന്ന കാര്യം ശരിക്കും പുറംലോകത്തെ അറിയിക്കണമെന്ന് തീരുമാനിച്ചത്. ഇതോടെ എന്റെ വസ്ത്രധാരണ രീതി പൂര്‍ണമായും മാറ്റി. ഹിജാബൊക്കെ ധരിച്ച് ശരിയായി ശരീരം മറിച്ചതോടെയാണ് യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പലരും അതിന്റെ ആവശ്യമുണ്ടോയെന്നൊക്കെ ചോദിക്കുന്നു. ആവശ്യമില്ലേ. നമ്മള്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തൊരു രീതിയില്‍ നമുക്ക് ജീവിക്കാനാവേണ്ടേ. അല്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം എങ്ങനെയാണ് പൂര്‍ണമാവുക. നിനക്കിങ്ങനെ ഡ്രസ് ചെയ്തൂടേ, ഇങ്ങനെ നടന്നൂടെ എന്നൊക്കെയാണ് ചിലരുചെ ചോദ്യങ്ങള്‍. ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. നമുക്ക് അതില്‍ അഭിപ്രായം പറയാമെന്നുണ്ടെങ്കിലും ശരിക്കും ഇതൊക്കെ അവരവരുടെ ഇഷ്ടമല്ലേ. അവരവരുടെ കാര്യം തീരുമാനിക്കുന്നത് അതാതു വ്യക്തികളല്ലേ. നമ്മുടെ ഭരണഘടനയും മനുഷ്യന്റെ സാമാന്യ ബോധവുമൊക്കെ അതല്ലേ വ്യക്തമാക്കുന്നത്. വേഷമൊക്കെ മാറ്റിയതോടെ ധൈര്യത്തോടെ വീട്ടില്‍ പോകുന്നത് സുരക്ഷിതമായിരുന്നില്ല. അങ്ങനെയാണ് 2016 ജനുവരി ആദ്യം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായത്. അതിന് ശേഷവും ഫോണില്‍ ബന്ധപ്പെടാനും പരസ്പരം സുഖവിവരങ്ങള്‍ തിരിക്കാനും സമയം കണ്ടെത്തിയിരുന്നു. സേലത്തെ പഠനം കഴിഞ്ഞ് കൂട്ടുകാരികളായ ഫസീനക്കും ജസീനക്കുമൊപ്പം പെരിന്തല്‍മണ്ണയില്‍ കഴിയുമ്പോള്‍ തന്നെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ ഹൈക്കോടതിയില്‍ ആദ്യം 2016 ജനുവരി 19ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുന്നത്. ബാഹ്യ ഇടപെടലും മറ്റും ഉണ്ടാകുന്നത് ഈ സമയം മുതലാണ്. മകള്‍ സ്വതന്ത്ര ഇച്ഛാശക്തിയില്‍ പ്രവര്‍ത്തിക്കുന്നതല്ലെന്നും ആരേേുടെയാ പ്രേരണയാല്‍ മതം മാറിയതാണെന്നുമൊക്കെയാണ് കോടതിയോട് പറഞ്ഞത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും സ്വതന്ത്രമായി പോകാന്‍ അനുവദിക്കണമെന്നുമൊക്കെ വിശദീകരിച്ചു. തന്റെ സുഹൃത്തുക്കളുടെ സമയബന്ധിതമായ പ്രാര്‍ഥനകളും നല്ല സ്വഭാവവും കണ്ടാണ് ഇസ്‌ലാമിനെ അറിയാന്‍ ശ്രമിച്ചത്. നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള വീഡിയോകളും കണ്ടപ്പോള്‍ അതില്‍ ആകൃഷ്ടയായി സ്വയം ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 25ന് ആദ്യത്തെ ഹേബിയസ് കോര്‍പ്പസ് തള്ളി. എന്നെ വിട്ടയച്ചു. പക്ഷെ, പ്രതിസന്ധികള്‍ വരാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.

? പിന്നെയും ഹേബിയസ് കോര്‍പ്പസുണ്ടായി. സിറിയയിലേക്ക് ആടുമേക്കാന്‍ കടത്തികൊണ്ടുപോകുന്നുവെന്നൊക്കെയായിരുന്നു ആരോപണം

വിവാഹം ചെയ്ത് ഐ.എസിലേക്ക് കടത്തിക്കൊണ്ടു പോകാനാണ് ശ്രമമെന്നും സിറിയയില്‍ പോയി ആടുമേക്കാതെ ഇസ്‌ലാം പൂര്‍ണ്ണമാവില്ലെന്ന് വിശ്വസിക്കുന്നവരുടെ വലയത്തിലാണ് തുടങ്ങിയ ആരോപണങ്ങളൊക്കെയായിരുന്നു പുതിയ (ആദ്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ് ആറു മാസത്തിന് ശേഷം) 2016 ഓഗസ്റ്റ് 16ലെ ഹേബിയസ് കോര്‍പ്പസി ഉന്നയിച്ചിരുന്നത്. വിവാഹത്തെ കുറിച്ച് അടുത്ത ചില സുഹൃത്തുകളൊക്കെ ചോദിച്ച് തുടങ്ങിയിരുന്നെങ്കിലും പഠനമായിരുന്നു ആ സമയത്തൊക്കെ ലക്ഷ്യം. അപ്പോഴേക്കും പെരിന്തല്‍മണ്ണയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ നിന്ന് മാറിതാമസിക്കാന്‍ കാരണവും കൂടുതല്‍ പഠിക്കണമെന്ന മോഹമായിരുന്നു. സംഘ്പരിവാറുകാരുടെ കയ്യില്‍ അവരുടെ ഉപകരണമായി അച്ഛന്‍ മാറിയെന്ന് വേദനയോടെ തിരിച്ചറിയുന്ന സമയമായിരുന്നു അത്. ഭീകര പ്രസ്ഥാനങ്ങളുടെ പിടിയിലാണെന്നും മകളെ സുക്ഷ്മ നിരീക്ഷണം നടത്തണമെന്നും അവരെ രാജ്യത്തു നിന്ന് പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമൊക്കെയായിരുന്നല്ലോ അച്ഛന്റെ വാദം. അതൊക്കെ സ്വന്തം ഇഛപ്രകാരം ആരോപിച്ചതാണോ. ഹൈക്കോടതിയില്‍ പല ദിവസങ്ങളിലായി വാദം തുടര്‍ന്നപ്പോള്‍ കേസ്സും കോടതിയുമായി കെട്ടുപിണയുന്ന അവസ്ഥയിലായി. മുമ്പൊന്നും ഇല്ലാത്ത അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. അനന്തമായ വിചാരണ പീഡനമായി തുടങ്ങിയിരുന്നു, താന്‍ ആടുമേക്കാന്‍ സിറിയയിലേക്ക് പോകുകയാണെന്ന് പറയുന്നതായി ഓഡിയോ കാസറ്റൊക്കെയാണ് കോടതിയില്‍ ഹാജരാക്കിയത്. അതില്‍ അങ്ങിനെയൊന്നുമില്ലെന്ന് വ്യക്തമായപ്പോള്‍ അച്ഛനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചവരൊക്കെ നിരാശരായി. സൈനബ തന്റെ സംരക്ഷകയാണെന്നും താന്‍ മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു എന്റെ നിലപാട്. തന്റെ സുരക്ഷയെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് കോടതി തല്‍ക്കാലം എറണാകുളത്തുള്ള ഒരു വനിതാ ഹോസ്റ്റലിലേക്കാണയച്ചത്. ഏതാനും കാലത്തെ വിചാരണക്ക് ശേഷം ആ പീഡനത്തിന് വിരാമമായി. ഒരു പാസ്‌പോര്‍ട്ട് പോലും എടുത്തിട്ടില്ലാത്ത തന്നെ ആര്‍ക്കും കടത്തിക്കൊണ്ടുപോകാനാവില്ലെന്ന് കോടതിയില്‍ വ്യക്തമായതോടെ, സൈനബക്കൊപ്പം പോകണമെന്ന തന്റെ ആവശ്യം കോടതി അംഗീകരിച്ചു.

? അപ്പോഴൊന്നും വിവാഹം നടന്നിരുന്നില്ലേ

പലരും ധരിച്ചത് വിവാഹം കഴിഞ്ഞ ശേഷമാണ് കോടതി ഇടപെടലും പ്രശ്‌നങ്ങളുമെന്നാണ്. 2013ല്‍ ഇസ്‌ലാം സ്വീകരിച്ച ഞാന്‍ മാട്രിമോണിയല്‍ പരസ്യം വഴി കണ്ടെത്തിയ ഷെഫിന്‍ ജഹാനെ കോട്ടക്കല്‍ പുത്തൂര്‍ മഹലില്‍വെച്ച് 2016 ഡിസംബര്‍ 19നാണ് വിവാഹം ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷയും സമര്‍പ്പിച്ചു. അതിന്റെ തൊട്ടടുത്ത ദിവസം ഹൈക്കോടതിയില്‍ കേസ്സെടുത്തപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ഭര്‍ത്താവില്‍ നിന്ന് വേര്‍പെടുത്തി ഹോസ്റ്റലിലേക്ക് അയക്കുകയായിരുന്നു. രണ്ടു ദിവസം മാത്രമാണ് ഞങ്ങളുടെ വൈവാഹിക ജീവിതത്തിന് അപ്പോള്‍ പ്രായം. എനിക്ക് അന്ന് 24 വയസ്സുണ്ട് എന്നത് ഓര്‍ക്കണം. 18 വയസ്സു മുതല്‍ വിവാഹം കഴിച്ചോ അല്ലാതെയോ ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം കഴിയാനാവുമെന്നാണ് രാജത്തെ പൗര നിയമം. വിവാഹത്തെ കുറിച്ചോ ജീവിത പങ്കാളിയെ കുറിച്ചോ എന്റെ താല്‍പര്യത്തെ കുറിച്ചോ ആ ഹൈക്കോടതി ബെഞ്ച് ഒരു വാക്ക് പോലും എന്നോട് ചോദിച്ചില്ല. പ്രായപൂര്‍ത്തിയായ പൗരയെന്ന നിലയിലുള്ള എന്റെ മൗലികാവകാശമാണ് ഹൈക്കോടതിയില്‍ എനിക്ക് നഷ്ടപ്പെട്ടത്.

ഞങ്ങളുടെ വിവാഹത്തില്‍ ദുരൂഹതയുണ്ടെന്ന വാദത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിക്കുക മാത്രമല്ല, ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടു ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് നടന്ന വാദങ്ങളും വിചാരണകളുമൊക്കെ കൗതുകകരമായിരുന്നു. വിവാഹ വാര്‍ത്ത ഷെഫിന്‍ ജഹാന്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കാത്തതെന്തെന്ന് പോലും ചോദ്യവും അന്വേഷണവുമുണ്ടായി. രാജ്യത്തെ ഒരു കോടതിയില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത വിധം എന്തോ അപരാധം ചെയ്തപോലെ കേസ്സും വിചാരണയും നീണ്ടു നീണ്ടു പോയി. ഹോസ്റ്റലില്‍ നിന്ന് കോടതിയിലേക്കും തിരിച്ചുമുള്ള യാത്രകളുടെ ദിനങ്ങളായിരുന്നു അത്. ഫോണില്‍ പോലും ഭര്‍ത്താവിനെ ബന്ധപ്പെടാനാവാത്ത നിസ്സഹായാവസ്ഥയും. വിശദമായ അന്വേഷണവും വാദവുമെല്ലാം കഴിഞ്ഞതോടെ, വേനലവധിക്ക് പിരിയുന്നതിന് മുമ്പ് മാര്‍ച്ച് ആദ്യത്തോടെ ഒരു അവസാനമുണ്ടാക്കുമെന്നായിരുന്നു വിവരം. പക്ഷെ, ഉത്തരം കിട്ടാത്ത കാരണങ്ങളാല്‍ പിന്നെയും രണ്ടര മാസം വിചാരണ നീണ്ടു. അപ്പോഴൊക്കെ പുറം ലോകവുമായി സ്വതന്ത്ര്യമായി ഇടപെടാനോ ഭര്‍ത്താവിനെയോ സുഹൃത്തുകളെയോ കാണാനോ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. 2017 മെയ് 24നാണ് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമെന്ന് പലരും വിശേഷിപ്പിച്ച വിധിന്യായം ഹൈക്കോടതി ബെഞ്ചില്‍ നിന്നുണ്ടാകുന്നത്. എന്നോട് എന്തെങ്കിലും ചോദിക്കുകയോ പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന പ്രാഥമിക പരിഗണനയോ നല്‍കാതെ വിവാഹം അസാധുവാക്കിയതായി പ്രഖ്യാപിച്ച് എന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇതോടെ അര്‍ധ തടവറയില്‍ നിന്ന് സമ്പൂര്‍ണ്ണ ജയിലറയിലായി.

? ആറു മാസത്തോളം വീട്ടു തടങ്കലില്‍

വീട്ടു തടങ്കല്‍ എന്ന വാക്കൊന്നും മതിയാവില്ല, ഞാന്‍ അനുഭവിച്ച പീഡനം വിവരിക്കാന്‍. ഏതൊക്കെയോ ദേശവിരുദ്ധ ശക്തികളുടെ പ്രലോഭനത്തില്‍ പെട്ട മാതാപിതാക്കളുടെ സാനിധ്യത്തില്‍ മാനസികമായ വല്ലാത്ത ടോര്‍ച്ചറിംഗായിരുന്നു. ഞാന്‍ കാണാന്‍ ആഗ്രഹിക്കാത്ത എനിക്ക് ഇഷ്ടമില്ലാത്തവരായിരുന്നു സന്ദര്‍ശകര്‍. വീടിന് വലിയ പൊലീസ് സംഘം കാവലുണ്ട്. എന്റെ സുരക്ഷക്കാണ് അവരെ നിയോഗിച്ചിരുന്നത്. പക്ഷെ, അവരുടെ മൗനാനുവാദത്തോടെയും സഹകരണത്തോടെയുമായിരുന്നു എല്ലാ പീഡനങ്ങളും. താന്‍ തട്ടിപ്പോയാല്‍ ഞങ്ങളുടെ ജോലി തെറിക്കുമെന്നൊക്കെയായിരുന്നു പൊലീസിന്റെ ഉപദേശം. സ്വന്തം വീട്ടില്‍ നിയമ പാലകരുടെ സുരക്ഷയില്‍ മരണത്തിന്റെ കാലൊച്ചക്കായി കാതോര്‍ത്ത് എത്രയോ രാപകലുകള്‍. പുറം ലോകത്ത് എന്ത് നടക്കുന്നു എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. സനാതന ധര്‍മ്മത്തിലേക്ക് തിരികെയെത്തിക്കാനെന്ന പേരില്‍ പല ദേശക്കാരും വേഷക്കാരും നിരന്തരം വന്നുകൊണ്ടിരുന്നു. എനിക്ക് കാണേണ്ടെന്നും സംസാരിക്കേണ്ടെന്നും പറഞ്ഞാലും കൗണ്‍സിലിംഗും ടോര്‍ച്ചറിംഗുമായി സദാസമയവും അത്തരക്കാര്‍ വരും. എന്നെങ്കിലും മോചനമുണ്ടാകുമോ എന്നു പോലും അറിയാത്ത ധൈര്യ സമേതം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥ. ഞാനൊരു ഉറച്ച വിശ്വാസിയായിരുന്നില്ലെങ്കില്‍ ഭ്രാന്ത് പിടിക്കുകയോ കടുംകൈക്ക് മുതിരുകയോ ചെയ്യാന്‍ മാത്രം അസഹ്യം.

? അമ്മയും അച്ഛനുമൊക്കെ ആ സമയത്ത് എങ്ങനെയാണ് പെരുമാറിയത്. അമ്മ ഭക്ഷണത്തില്‍ വിഷം നല്‍കാന്‍ ശ്രമിച്ചു എന്നൊക്കെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നതായാണല്ലോ വിവരം.

അങ്ങനെയൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കേണ്ടിവന്നതില്‍ സങ്കടമുണ്ട്. പക്ഷെ, ഞാന്‍ അനുഭവിച്ചതാണതൊക്കെ. എന്റെ മാതാപിതാക്കളോട് അങ്ങിനെയൊക്കെ ചെയ്യിക്കുകയായിരുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ അറിയുന്ന അമ്മയും അച്ഛനും അങ്ങിനെയല്ലായിരുന്നു. എനിക്ക് മാനസിക രോഗമാണെന്ന് സുപ്രീം കോടതിയില്‍ അച്ഛന്‍ വാദിച്ചതൊക്കെ എല്ലാവരും കണ്ടതാണല്ലോ. എനിക്കാരോടും വെറുപ്പില്ല. എന്റെ അമ്മയും അച്ഛനും എന്നെ മനസ്സിലാക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്റെ മത വിശ്വാസം പൂര്‍ണ്ണമാകണമെങ്കില്‍ മാതാ പിതാക്കളോടുള്ള കടമകള്‍ നിറവേറ്റണമെന്നതാണ്. അവരോട് മോശമായിട്ട് സംസാരിക്കാന്‍ പോലും പാടില്ലെന്നാണ്, ഒരിക്കല്‍ പോലും അങ്ങനെയൊന്നും സംസാരിക്കാതിരിക്കാന്‍ ശ്രമിച്ചതും ക്ഷമയോടെ നിലകൊണ്ടതുമൊക്കെ ഇസ്‌ലാം എന്നില്‍ ചെലുത്തിയ സ്വാധീനം കൊണ്ടാണ്. കൊല്ലപ്പെടുമോ എന്ന് ഭയന്ന് രാപകലുകള്‍ കഴിച്ചു കൂട്ടിയ ആറുമാസം ഞാന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് സുപ്രീം കോടതിയില്‍ അഫ്ഡവിറ്റ് നല്‍കിയപ്പോള്‍ പല അപ്രിയ സത്യങ്ങളും പറയേണ്ടി വന്നിട്ടുണ്ട്. അതില്‍ വേദനിച്ചവര്‍ ക്ഷമിക്കണം. അതെല്ലാം സത്യമാണ്. ആ സത്യവാങ്മൂലം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോള്‍ എന്റെ തോന്നലായിരിക്കാം.

? ആ ആറുമാസവും ‘സനാതന ധര്‍മ്മക്കാര്‍’ മാത്രമാണോ വീട്ടിലെത്തിയത്.

അത്തരക്കാരെ മാത്രമാണ് എന്റെ രക്ഷിതാക്കളും പൊലീസും കടത്തിവിട്ടത്. ഹൈക്കോടതി ജഡ്ജി പറഞ്ഞിട്ട് വന്നതാണ്, ഉന്നതങ്ങളില്‍ പിടിപാടുള്ളവരാണ് എന്നൊക്കെയായിരുന്നു നിര്‍ബന്ധിത കൗണ്‍സിലര്‍മാരുടെ ഭീഷണി. പേരും വിവരവുമൊക്കെ പലരും മറച്ചുവെച്ചാണ് സംസാരിച്ചത്. രാഹുല്‍ ഈശ്വറുള്‍പ്പെടെ ‘സനാതന ധര്‍മ്മക്കാരായ’ പല സ്വാമിമാരും വന്നുകൊണ്ടേയിരുന്നു. രാഹുല്‍ ഈശ്വറിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും അതൊക്കെ പറയുന്നുണ്ട്. അതൊന്നും പിന്‍വലിച്ചിട്ടില്ല. ഒരിക്കല്‍ ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വന്നപ്പോള്‍ ആശ്വാസമാകുമെന് കണ്ട്, എന്റെ അവസ്ഥ അവരോട് വിശദീകരിച്ചു. പറഞ്ഞതൊക്കെ ശരിയാണോ എന്ന് അവര്‍ വീട്ടുകാരോട് ചോദിച്ചു മടങ്ങി. നടപടിയൊന്നുമുണ്ടായില്ല. മുസ്‌ലിം പേരുള്ള ജാമിത ടീച്ചര്‍ വന്നത് മാത്രമാണ് അതില്‍ നിന്ന് വ്യത്യസ്ഥമായുള്ളത്. അവര്‍ വന്നതും മതം മാറ്റത്തില്‍ നിന്ന് പിന്തിരിക്കാനായിരുന്നു. ഞാന്‍ മുമ്പൊരു ലേഖനം അവരുടേത് വായിച്ചിരുന്നു. ക്രിസ്തു മതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് മാറിയ അനുഭവം അതില്‍ അവര്‍ പറയുന്നുണ്ട്. ഒരു കാലില്‍ നിന്ന് മന്ത് മറ്റേ കാലിലേക്ക് മാറി എന്നാണ് അതില്‍ വിശദീകരിച്ചിരുന്നത്. വന്ന് സംസാരം തുടങ്ങിയപ്പോള്‍ അതാണ് ഞാനോര്‍ത്തത്. ഞാനെന്റെ കാല് കാണിച്ചുകൊടുത്തു. മന്തില്ലെന്ന് അവരോട് പറഞ്ഞു. അവര്‍ക്കത് മനസ്സിലാവാത്തതുകൊണ്ടോ എന്തോ, പുറത്തു വന്ന് അവര്‍ പറഞ്ഞത് ഹാദിയക്ക് കാലിന് സുഖമില്ല എന്ന തരത്തിലായിരുന്നെന്ന് പിന്നീട് അറിഞ്ഞു. മക്കളെ എവിടെയോ നിര്‍ത്തി ത്യാഗം സഹിച്ചാണ് വന്നതെന്നും രക്ഷപ്പെടുത്താന്‍ പറയുകയാണ് എന്നൊക്കെയായിരുന്നു രണ്ടു ദിവസം വന്ന് ഉപദേശിച്ചത്. സുപ്രീം കോടതിയിലേക്ക് കൊണ്ടു പോവാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമ്പോള്‍ മാധ്യമങ്ങളുടെ സാനിധ്യം കണ്ടപ്പോഴാണ് എനിക്ക് വേണ്ടി പുറത്ത് വലിയ പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ശരിക്കും മനസ്സിലാക്കുന്നത്. അതുവരെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല.

? വീട്ടു തടങ്കലിനും പീഡനത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടല്ലോ.

രണ്ടു വര്‍ഷത്തോളം ഒരു തെറ്റും ചെയ്യാത്ത ഞാന്‍ അനുഭവിച്ചത് അത്രത്തോളമുണ്ട്. പ്രത്യേകിച്ചും 2017 മെയ് 24 മുതല്‍ 2017 നവംബര്‍ 27 വരെ കഠിനമായ ആറുമാസം. ഭരണഘടന അനുവദിച്ച അവകാശം ഉപയോഗിച്ചതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതും പൂട്ടിയിടപ്പെട്ടതും കഷ്ടമല്ലേ. ഞാനാരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയിട്ടുള്ളത് മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പലര്‍ക്കും പലനിലയിലും വ്യാഖ്യാനിക്കാം. പോറ്റി വളര്‍ത്തിയ മാതാപിതാക്കളോടാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് എന്നൊക്കെ പലരും വ്യാഖ്യാനിക്കുന്നതും പറയുന്നതും കേട്ടു. എന്റെ മാതാപിതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദേശ വിരുദ്ധ ശക്തികള്‍ കരുക്കളാക്കുകയായിരുന്നുവെന്ന് നേരത്തെ പറഞ്ഞല്ലോ. ന്യായാധിപന്മാരും ഭരണകൂടവുമാണ് എന്റെ ദുരവസ്ഥക്ക് ഉത്തരവാദി. ഹൈക്കോടതിയിലെ ഒരു ബെഞ്ചില്‍ വരുമ്പോഴായിരുന്നു കടുത്ത വിവേചനം. സംരക്ഷണം നല്‍കേണ്ട പൊലീസാണ് എല്ലാ നിയമ ലംഘനത്തിനും കൂട്ടുനിന്നത്. എനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലിസ് ഘര്‍വാപസിക്കായെത്തിയവരുടെ മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുന്നതാണ് കണ്ടത്. ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നോട് വെറുപ്പ് കാണിക്കുകയായിരുന്നു രീതി. ആരൊക്കെയാണ് പൊലീസ് കടത്തിവിട്ടതെന്നും ഘര്‍വാപ്പസിക്ക് നേതൃത്വം നല്‍കിയതെന്നും അറിയാന്‍ പൊലീസ് അവിടെ വെച്ച വിസിറ്റേഴ്‌സ് ഡയറി പരിശോധിച്ചാല്‍ മതി. ഭരണകൂടമാണ് ഉത്തരവാദി. സര്‍ക്കാറില്‍ നിന്നാണ് ഞാന്‍ നഷ്ടപരിഹാരം തേടിയത്.

? രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വൈവാഹിക ജീവിതത്തില്‍.

വിവാഹത്തിന്റെ രണ്ടാം നാള്‍ ഞങ്ങളെ വേര്‍പ്പെടുത്തിയതാണ്. രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് ലോകം കേള്‍ക്കെ സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇപ്പോള്‍ ഹാപ്പിയാണ്. ഇഷ്ടപ്പെട്ട മതമനുസരിച്ച് ഇഷ്ടപ്പെട്ട പങ്കാളിക്ക് ഒപ്പം ജീവിക്കാന്‍ കോടതി ഇടപെടലിലാണെങ്കിലും സാധിച്ചല്ലോ. ഷെഫിനെതിരെ എന്‍.ഐ.എ അന്വേഷണമൊക്കെ നടക്കുന്നുണ്ടെന്നത് സങ്കടകരമാണ്. ഒരു പെറ്റിക്കേസില്‍ പോലുമില്ലാത്ത ആളായിട്ടും കൊടും ക്രിമിനലായൊക്കെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നു. തെറ്റായതായോ മറച്ചവെക്കേണ്ടതായോ ഒന്നും മില്ലാത്തതിനാല്‍ അതൊക്കെ അതിന്റെ വഴിക്ക് പോയ്‌ക്കോളും. ആരെയും കുറ്റപ്പെടുത്താനോ ബുദ്ധിമുട്ടിലാക്കാനോ ഉദ്ദേശിക്കുന്നില്ല. എന്റെ കൈപേറിയ അനുഭവവും സുപ്രീം കോടതി വിധിയുമൊക്കെ ആ അര്‍ത്ഥത്തില്‍ നല്ലതിനാവും. 24 വയസ്സു മുതല്‍ 26 വയസ്സു വരെയുള്ള പ്രധാനപ്പെട്ട രണ്ടു വര്‍ഷമാണ് എനിക്ക് നഷ്ടപ്പെട്ടത്. ഓര്‍ക്കുമ്പോള്‍ സങ്കടമാവുന്നു. എങ്കിലും ഇപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. മേലില്‍ ഒരാള്‍ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാവരുതെന്നാണ് ആഗ്രഹം. എന്റെ പേരില്‍ ഇനി വിവാദങ്ങളൊന്നുമുണ്ടാക്കരുതെന്നാണ് അഭ്യര്‍ത്ഥന.

? അടുത്ത പ്ലാന്‍ എന്താണ്.

ഈ പോരാട്ടത്തില്‍ ഒട്ടേറെ സംഘടനകളും വ്യക്തികളുമെല്ലാം കൂടെ നിന്നിട്ടുണ്ട്. വിജയം അവരുടേതെല്ലാമാണ്. ഏതെങ്കിലും ഒരു സംഘടനയുടെയോ വ്യക്തികളുടെയോ പിന്തുണയും സഹായവും കുറച്ചു കാണുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചിലരുടെ വേണ്ടത്ര സഹകരിച്ചില്ല എന്ന തരത്തിലും നല്ലവണ്ണം സഹായിച്ചു എന്ന അര്‍ത്ഥത്തിലും ചിലവാക്കുകള്‍ വീണു പോയതാണ്. ഞാന്‍ വെറും സാധാരണക്കാരിയാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെയൊന്നും ആ രീതിയില്‍ നേരിടാന്‍ കഴിയുന്ന ആളല്ലല്ലോ. ഒരു സംഘടനയുടെയും പേരൈടുത്ത് പറയുന്നില്ല. എല്ലാവരോടും നിറഞ്ഞ കടപ്പാടും സ്‌നേഹവുമാണുളളത്. സച്ചിദാനന്ദന്‍ മാഷ്, ഡോ ദേവിക, ഗോപാല്‍ മേനോന്‍ തുടങ്ങി മനുഷ്യാവകാശ പ്രശ്‌നമായി സജീവമായി ഇടപെട്ടവരോടും പ്രസ്ഥാനങ്ങളോടും നേതാക്കളോടും പണ്ഡിത ശ്രേഷ്ഠരോടുമൊക്കെ എങ്ങനെ നന്ദിപറയണമെന്നറിയില്ല. നിയമ സഹായം നല്‍കിയവര്‍, പ്രാര്‍ത്ഥിച്ചവര്‍, നോമ്പ് നോറ്റവര്‍, പ്രതികരിച്ചവര്‍ തുടങ്ങിയ ഏതൊക്കെയോ ദിക്കുകളില്‍ നിന്ന് മനസ്സ് ചേര്‍ത്തുവെച്ചവരെല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ക്കുന്നു. സേലത്തെ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കി ഹോമിയോ ഡോക്ടറായി കേരളത്തില്‍ പ്രാക്ടീസ് ചെയ്യണം. സമാധാനത്തോടെ മാതൃകാ ദമ്പതികളായി ജീവിക്കണം. പിന്നെ, അമ്മയും അച്ഛനും ഞങ്ങളെ മനസ്സിലാക്കി സ്വീകരിക്കണേയെന്നൊരു പ്രാര്‍ത്ഥനയുമുണ്ട്. അള്ളാഹു കൈവെടിയില്ലെന്ന പ്രത്യാശയാണ് മുമ്പിലുള്ളത്.

”മാണിക്യമലരായ പൂവി, ബീവിയാം ഖദീജ ബീവി…” മുഹബ്ബത്തിന്റെ അനശ്വര പ്രണയ ഗാനം മുഴങ്ങുമ്പോള്‍ തന്റേടമൊക്കെ പോയ് വെറും മണവാട്ടിയായി മൊബൈല്‍ ചെവിയോട് ചേര്‍ത്തു. നന്ദി സാര്‍, നന്ദിസാര്‍…

india

വ്യോമയാന സുരക്ഷാ പട്ടികയില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ

54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്

Published

on

ഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്നു സ്‌കോര്‍. നാലു വര്‍ഷം പിന്നിടുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

News

പിരിച്ചുവിടല്‍ വഴിയെ ഷെയര്‍ചാറ്റും; നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 5 ശതമാനത്തോളം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടു. കമ്പനിയില്‍ ഏകദേശം 2300 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

2300 ജീവനക്കാരില്‍ 100 ലധികം ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്.
മോജ്, മോജ് ലൈറ്റ് പ്ലസ് തുടങ്ങിയ ആപ്ലിക്കേഷനുകളുടെ മാതൃ കമ്പനിയാണ് ഷെയര്‍ചാറ്റ്. നിലവില്‍ ഷെയര്‍ചാറ്റിന് ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

Continue Reading

kerala

സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം കലാമണ്ഡലം സരസ്വതിക്ക്

അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം

Published

on

കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സ്വരലയ കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരത്തിനു കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തില്‍ അവര്‍ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയില്‍ അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി , എന്‍.രാധാകൃഷ്ണന്‍ നായര്‍, കരിവെള്ളൂര്‍ മുരളി, അപ്പുകുട്ടന്‍ സ്വരലയം, എന്‍.എന്‍.കൃഷ്ണദാസ്, ടി.ആര്‍.അജയന്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് കലാണ്ഡലം സരസ്വതിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്തനാട്യ പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം, റോട്ടറി പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കലാദര്‍പ്പണം നാട്യശ്രീ പുരസ്‌കാരം എന്നിവക്ക് നേരത്തെ അര്‍ഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയില്‍ വെച്ച് ഡിസംബര്‍ 29ന് പൊതുമരാമത്തു വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്‌കാരം സമര്‍പ്പിക്കും

Continue Reading

Trending