ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങളില്‍ ആറ് മലയാളികളുടെ സാന്നിധ്യം. ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസ് പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായപ്പോള്‍ ഗുരു ചേമഞ്ചേരി, പാറശ്ശാല പൊന്നമ്മാള്‍, ഹോക്കി താരം ശ്രീജേഷ്, കളരി ഗുരു മീനാക്ഷി അമ്മ, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കായിക താരങ്ങളായ വിരാട് കോഹ്ലി, ദീപ കര്‍മാക്കര്‍, സാക്ഷി മാലിക്, മാരിയപ്പന്‍ തങ്കവേലു, ദീപ മാലിക് എന്നിവര്‍ക്കും പത്മശ്രീ പുരസ്‌കാരങ്ങളുണ്ട്.

സംഗീത മേഖലക്ക് നല്‍കിയ സംഭാവനയാണ് യേശുദാസിനെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പത്മ ലിസ്റ്റില്‍ ഒന്നാമത്തെ പേര് അദ്ദേഹത്തിന്റേതാണ്. രാഷ്ട്രീയക്കാരായ ശരദ് പവാര്‍, മുരളി മനോഹര്‍ ജോഷി എന്നിവരടക്കം ഏഴു പേര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്.

അന്തരിച്ച ചോ രാമസ്വാമിയടക്കം ഏഴു പേര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍. 74 പേരെയാണ് പത്മശ്രീ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.