ലഖ്‌നൗ: മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിച്ച കോടതി വിധി പുറത്തു വന്നതിനു പിന്നാലെ അയോധ്യ സന്ദര്‍ശനം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് യോഗി അയോധ്യ സന്ദര്‍ശിക്കുന്നത്.

ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് ഒരു യുപി മുഖ്യമന്ത്രി അയോധ്യ സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകത കൂടി യോഗിയുടെ സന്ദര്‍ശനത്തിനുണ്ട്.

അയോധ്യയിലെ ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി താല്‍ക്കാലികമായി നിര്‍മിച്ച രാമക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി.

സിബിഐ കോടതിയുടെ വിധി പുറത്തു വന്നതിന് ശേഷം മുതിര്‍ന്ന ബിജെപി നേതാക്കളെ യോഗി ആദിത്യനാഥ് ഇന്നലെ സന്ദര്‍ശിച്ചിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ കോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി പ്രകാരമാണ് അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്.