kerala

തമ്മിലടിപ്പിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ നാട് ഭരിക്കുന്നതിന്റെ ദുര്യോഗമാണ് യോഗിയുടെ പ്രസ്താവന: ഷാഫി പറമ്പില്‍

By Test User

February 11, 2022

യോഗി ആദിത്യനാഥിന്റെ കേരളത്തിനെതിരായ വിവാദപരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. കേരളവും കാശ്മീരും ബംഗാളും എന്നൊക്കെ യോഗി പറയുമ്പോള്‍ ഉന്നം വെക്കുന്നത് എന്താണെന്ന് കൃത്യമായ ബോധ്യം ഈ രാജ്യത്തിന്റെ മതേതര മനസ്സിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പുരോഗതിക്കും വികസനത്തിനും പകരം വെറുപ്പും വിഭാഗീയതയും തെരഞ്ഞെടുപ്പ് തന്ത്രമാക്കേണ്ടി വരുന്നവര്‍ എത്ര ദുര്‍ബലരാണെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. തമ്മിലടിപ്പിച്ചില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ നാട് ഭരിക്കുന്നതിന്റെ ദുര്യോഗമാണ് യോഗിയുടെ പ്രസ്താവനയെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

വോട്ടു ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചാല്‍ യുപി കേരളമോ കാശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദപരാമര്‍ശം. യുപിയില്‍ പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.