ശരിയായ ഭക്ഷണ ശീലം തിരഞ്ഞെടുത്താല്‍ തന്നെ ആരോഗ്യ പൂര്‍ണമായ ജീവിതം ആസ്വദിക്കാം. ആഹാരം ശരീരത്തിന്റെ മരുന്നാണ്. നമ്മള്‍ മലയാളികള്‍ മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നവരുമാണ്.
വറുത്തതും പൊരിച്ചതും തുടങ്ങി നാവിന് രുചിയുള്ളതെന്തും നമ്മള്‍ ആസ്വദിച്ച് കഴിക്കും. അവിടെ ആരോഗ്യത്തിനെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നു പോലുമില്ല. അതുക്കൊണ്ടു തന്നെ രുചിയും ശീലങ്ങളും മാത്രം നോക്കിയുള്ള ഭക്ഷണം അസിഡിറ്റി, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിന് എന്താണ് ആവശ്യമുള്ളത് അതുമാത്രം കഴിച്ചാല്‍ മതിയാകും.
പ്രഗല്‍ഭരായവരുടെ നിര്‍ദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരണം. ഡയറ്റ് എന്നത് മെലിയാനോ, വണ്ണം വയ്ക്കാനോ മാത്രമുള്ളതല്ല. ആരോഗ്യവാനായി ഇരിക്കാന്‍ നാം ഓരോരുത്തരും പിന്തുടരേണ്ട ഒന്നാണ്.
ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
*പഴങ്ങള്‍, പച്ചക്കറികള്‍, ചെറു ധാന്യങ്ങള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ, ബ്ലൂ ബെറി, മുന്തിരി, കാന്‍ ബെറി, ആപ്പിള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ. *കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്‌സിക്കം, വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഉള്ളി എന്നിവയൊക്കെ നീരുവീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. *പ്രോ ബയോട്ടിക് വിഭാഗത്തില്‍പെടുന്ന ഓട്‌സ്, വാഴപ്പഴം, യോഗര്‍ട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. *കൊഴുപ്പ് ലഭിക്കാന്‍ ഒലിവ് എണ്ണ, കടല്‍ മത്സ്യങ്ങളായ ചൂര, അയല എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ചിയ സീഡ്, ഫ്‌ലാക്‌സീഡ് തുടങ്ങിയവയും സഹായിക്കും. *വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട എന്നിവ ഭക്ഷണത്തില്‍ ഉറപ്പാക്കണം. കുരുമുളകില്‍ കാണപ്പെടുന്ന പൈപ്പെറിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഗ്രീന്‍ ടീ, മഞ്ഞള്‍ ചേര്‍ത്ത പാല്‍, ജിന്‍ജര്‍ ടീ തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
ഒരു ദിവസത്തെ ഭക്ഷണക്രമം *പ്രഭാത ഭക്ഷണം നാരങ്ങ ഇട്ട ചൂട് വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. ഹൈഡ്രെറ്റഡ് ആകാനും ദഹനത്തെ ഉത്തേജിപ്പിക്കാനും പോഷകങ്ങളെ ശരിയായി ആഗിരണം ചെയ്യാനും ഇതു സഹായിക്കും ഫൈബര്‍ ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണമാണ് നല്ലത്. മിക്‌സഡ് ഫ്രൂട്ട്‌സ്, നട്‌സ്, ചിയ സീഡ് എന്നിവ ചേര്‍ത്ത ഓട്‌സ് കഴിക്കാം. ഗ്രീക്ക് യോഗര്‍ട്ടും നല്ലതാണ് (ഒരു സ്പൂണ്‍ തേനും കുറച്ചു ഫ്‌ലാക്സീഡും ബെറികളും ചേര്‍ക്കാം). സ്മൂത്തികളും ഉള്‍പ്പെടുത്താം.
*സ്‌നാക്‌സ് സ്‌നാക്കായി ആപ്പിള്‍, ബദാം മില്‍ക്ക്, മഞ്ഞള്‍ ചേര്‍ത്ത പാല് എന്നിവയില്‍ ഏതെങ്കിലും. വോള്‍നട്ടും നല്ലതാണ്.
*ഉച്ചഭക്ഷണം ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ് കൊണ്ടുള്ള ചോറ്, കൂടെ പനീര്‍ അല്ലെങ്കില്‍ ചിക്കന്‍. ധാരാളം പച്ചക്കറികള്‍. ചെറിയ ഒരു സാലഡ് (ഒലിവ് എണ്ണയും മിക്‌സഡ് പച്ചക്കറികളും ഉള്‍പ്പെടുന്നത്). കൂടെ ലെമണ്‍ ജ്യൂസും.
*സ്‌നാക്‌സ് ഉച്ചയ്ക്കുശേഷം സ്‌നാക്കായി ബദാം അല്ലെങ്കില്‍ ഏതെങ്കിലും പഴം.
*അത്താഴം ദഹനശേഷി കൂടുതലുള്ള ആഹാരങ്ങളാണ് അത്താഴത്തിന് നല്ലത്. വെജിറ്റബിള്‍ സൂപ്പോ പരിപ്പും ചോറ്/ റൊട്ടി എന്നിവയില്‍ ഏതെങ്കിലും നല്ലത്. കിടക്കുന്നതിനു മുന്‍പ് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത ഒരു ഗ്ലാസ് പാല്‍ കുടിക്കാം. ഇതു ശരിയായ ഉറക്കത്തിനും ദഹനത്തിനും ശരീരത്തെ ഡി ടോക്‌സിഫൈ ചെയ്യുന്നതിനും സഹായിക്കും.