kerala

മലപ്പുറം താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍

By webdesk18

March 08, 2025

മലപ്പുറം താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് പിടിയില്‍. എടവണ്ണ സ്വദേശി റഹിം അസ്‌ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികളെ പൂനെയിലേക്ക് നാടുവിടാന്‍ സഹായിച്ചത് റഹിമാണ്. മുംബൈയില്‍ നിന്ന് മടങ്ങിയ ഇയാളെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി അന്വേഷണം സംഘം ഇന്ന് കേരളത്തിലെത്തും. ഇന്നലെ വൈകുന്നേരത്തോടെ ഗരീബ് രഥ് എക്സ്പ്രസില്‍ പെണ്‍കുട്ടികളുമായി പൊലീസ് യാത്ര തിരിച്ചിരുന്നു.

ഇന്ന് ഉച്ചയോടെ ഇവര്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും. പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ കൊണ്ടുവരാനായി താനൂരില്‍ നിന്നുള്ള പൊലീസ് സംഘം പൂനയിലേക്ക് തിരിക്കുകയായിരുന്നു. കുട്ടികള്‍ വന്നതിനുശേഷം ബാക്കി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു.

മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. മക്കളെ കണ്ടെത്തിയതില്‍ ഏറെ ആശ്വാസം ഉണ്ടെന്നും മകളുമായി ഫോണില്‍ സംസാരിച്ചതായും കുടുംബം പ്രതികരിച്ചു.