ബിഹാറിലെ ബേഗുസരായിലെ കുംഭി ഗ്രാമത്തില്‍ പേര് ചോദിച്ച് മുസ്‌ലിം യുവാവിന് നേരെ അക്രമി വെടിയുതിര്‍ത്തു. സെയില്‍സ് മാനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖാസിം എന്നയാള്‍ക്ക് നേരെ രാജീവ് യാദവ് എന്നയാളാണ് വെടിയുതിര്‍ത്തത്.
രാജീവ് യാദവ് തന്നെ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ചു. പേര് പറഞ്ഞ ഉടന്‍ പാകിസ്താനിലേക്ക് പോകൂ എന്ന് പറഞ്ഞ് വെടിവെക്കുകയായിരുന്നു ഖാസിം പറഞ്ഞു. ഇക്കാര്യം വിശദമാക്കുന്ന ഖാസിമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജീവ് യാദവ് മദ്യപിച്ചിരുന്നുവെന്നും ഖാസിം ചൂണ്ടിക്കാട്ടുന്നു.

വെടിയുതിര്‍ത്ത ഉടന്‍ യാദവിനെ തളളി മാറ്റി ഖാസിം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ടതിന് ദൃക്‌സാക്ഷികളായവര്‍ ആരും തന്നെ രക്ഷിക്കാനെത്തിയില്ല. പൊലീസെത്തിയാണ് പരിക്കേറ്റ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഖാസിം വിഡിയോയില്‍ പറയുന്നു.
ഈയാഴ്ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ അക്രമ സംഭവമാണിത്. മെയ് 22 ന് മധ്യപ്രദേശില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ ഗോരക്ഷകര്‍ അക്രമിച്ചിരുന്നു.