india

ബീഫ് വിറ്റെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം; മര്‍ദനമേറ്റവര്‍ക്കെതിരെ കേസ്

By Test User

November 03, 2022

ബിലാസ്പൂര്‍: ബീഫ് വിറ്റുവെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്‌നരാക്കി ക്രൂരമായി മര്‍ദിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച രണ്ട് പേരെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതാണ് വിഡിയോയിലുള്ളത്.

ഒരുകൂട്ടം ആളുകള്‍ ബെല്‍റ്റുകൊണ്ടാണ് ഇവരെ അടിക്കുന്നത്. ചിലര്‍ ഇവര്‍ക്കെതിരെ മുട്ടയെറിയാനും ആവശ്യപ്പെടുന്നുണ്ട്. മര്‍ദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തുവെന്ന് ഛത്തീസ്ഗഢ് പൊലീസ് അറിയിച്ചു. 33 കിലോ ബീഫ് കൈവശംവെച്ചതിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നര്‍സിങ് ദാസ്, റാം നിവാസ് മെഹര്‍ എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി.

ഇരുവരും ചാക്കുമായി വരുന്നതിനിടെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ഇതിലെന്താണെന്ന് ചോദിക്കുകയായിരുന്നു. അതിന് ബീഫാണെന്ന മറുപടി ഇവര്‍ നല്‍കിയെന്നും തുടര്‍ന്ന് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് പറഞ്ഞു. വെറ്റിനറി ഡോക്ടര്‍ ഇവരില്‍ നിന്നും പിടിച്ചെടുത്ത മാംസത്തിന്റെ വിദഗ്ധ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഇവരെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.