kerala

മുള്ളൻപന്നിയുടെ ഇറച്ചിയുമായി യുവാവ് പിടിയിൽ

By sreenitha

December 29, 2025

തൊടുപുഴ: സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനായി മുള്ളൻപന്നിയുടെ ഇറച്ചിയോടൊപ്പം മുള്ളുകളും സൂക്ഷിച്ച യുവാവ് കട്ടപ്പന പൊലീസിന്റെ പിടിയിലായി. ബിഹാർ സ്വദേശിയായ സിലാസ് എംബാറാമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപം വാഹനമിടിച്ച് ചത്ത നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയ സിലാസ്, അതിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിച്ചെങ്കിലും മുള്ളൻപന്നിയുടെ ഇറച്ചിയാണെന്ന് അവർ വിശ്വസിച്ചില്ല. ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിക്കാനും പാചകം ചെയ്ത് കഴിക്കാനുമായി ഇയാൾ ഇറച്ചിയും ചാക്കിലാക്കി കട്ടപ്പനയിലേക്ക് പുറപ്പെട്ടു. വിശ്വാസ്യത നേടുന്നതിനായി മുള്ളൻപന്നിയുടെ മുള്ളുകളും ഇറച്ചിയോടൊപ്പം സൂക്ഷിച്ചിരുന്നു.

കട്ടപ്പനയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടെ ചാക്ക് ശ്രദ്ധയിൽപ്പെടുകയും പരിശോധനയിൽ ഇറച്ചി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് വിവരം വനംവകുപ്പിന്റെ കുമളി റേഞ്ച് ഓഫീസിൽ അറിയിക്കുകയും പ്രതിയെയും ഇറച്ചിയും കൈമാറുകയും ചെയ്തു.

ഏകദേശം അഞ്ച് കിലോ മുള്ളൻചുന്നിയുടെ ഇറച്ചിയും മുള്ളുകളും, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനംവകുപ്പ് നടത്തിയ തെരച്ചിലിൽ കണ്ടെടുത്തു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ നിന്ന് കേരളത്തിൽ ജോലിക്കായി എത്തുന്നവർക്ക് വന്യജീവി സംരക്ഷണ നിയമങ്ങളെക്കുറിച്ച് മതിയായ അറിവില്ലെന്നും, തൊഴിലുടമകൾ ഇവർക്ക് ഈ നിയമങ്ങളെക്കുറിച്ച് അവബോധം നൽകണമെന്നും വനംവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.