kerala

കോയമ്പത്തൂരില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു; ബന്ധുക്കള്‍ പിടിയില്‍

By webdesk17

July 01, 2025

തമിഴ്‌നാട് കോയമ്പത്തൂരില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചുകൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് (23) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഞ്ജിത്തിന്റെ ബന്ധുക്കളായ കാരമട വെള്ളിയങ്കാട് കുണ്ടൂര്‍ സ്വദേശി കെ. മുരുകേശന്‍ (37), അന്‍സൂര്‍ സ്വദേശി എന്‍. പാപ്പയ്യന്‍ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്തു. ശേഷം മൂവരും അത്തിക്കടവ് വനത്തിലേക്ക് മാന്‍ വേട്ടയ്ക്കായി പോയതായിരുന്നു. നാടന്‍ തോക്കുകളുമായാണ് മൂവര്‍ സംഘം വേട്ടയ്ക്ക് പോയത്.

എന്നാല്‍ ഇതിനിടെ മാനാണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യന്‍ സഞ്ജിത്തിന് നേരെ വെടിവെക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നാലെ പ്രതികള്‍ കടന്നുകളഞ്ഞു. സ്ഥലത്തെത്തിയ ആദിവാസികളാണ് സഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മേട്ടുപ്പാളയത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്നും നാടന്‍ തോക്കും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.