film

‘യൂട്യൂബറുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ല, സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്’: ശ്വേതാ മേനോന്‍

By webdesk17

November 09, 2025

തിരുവനന്തപുരം: സിനിമാ പ്രമോഷന്‍ പ്രസ് മീറ്റിനിടെ ബോഡി ഷേമിങ് നടത്തിയ യുട്യൂബര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷനെ പിന്തുണച്ച് അമ്മ സംഘടന. സംഘടന സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു.

‘യൂട്യൂബറുടേത് മാപ്പ് പറച്ചിലായി എനിക്ക് തോന്നുന്നില്ല. ഇതായിരുന്നില്ല ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്.’ ശ്വേതാ മേനോന്‍ പ്രതികരിച്ചു.

തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യൂട്യൂബറുടെ അധിക്ഷേപം. ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബറോട് ചോദ്യം മണ്ടത്തരമാണെന്നും യൂട്യൂബര്‍ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രസ്മീറ്റ് വലിയ തര്‍ക്കത്തിലേക്ക് പോകുകയായിരുന്നു. യൂട്യൂബര്‍ അടക്കമുള്ളവര്‍ ഗൗരിയ്ക്ക് നേരെ തിരിഞ്ഞെങ്കിലും സംവിധായകനും നായകനും പിന്തുണ നല്‍കിയില്ല.

”എന്റെ ശരീരഭാരം നിങ്ങള്‍ക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാന്‍ ഇതുവരെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല” ഗൗരി പറഞ്ഞു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്’ ഗൗരി വ്യക്തമാക്കി.