മുംബൈ: നികുതി വെട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റുമായി(ഇ.ഡി) സഹകരിക്കാന്‍ തയ്യാറാണെന്ന് ഇസ്്‌ലാമിക പണ്ഡിതനും പ്രഭാഷകനുമായ സാകിര്‍ നായിക്. സ്‌കൈപിയോ, മറ്റേതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങളോ വഴി ചോദ്യം ചെയ്യാം. ഇതുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്ന സാകിര്‍ നായികിന്റെ കത്ത് അഭിഭാഷകനായ മഹേഷ് മുലേ കോടതിയില്‍ ഹാജരാക്കി. താന്‍ പ്രവാസി ഇന്ത്യക്കാരനാണെന്നും തനിക്ക് ഇതുവരെ സമന്‍സ് ലഭിച്ചിട്ടില്ലെന്നും സാകിര്‍ നായിക് കത്തില്‍ പറയുന്നു. അതേസമയം തന്റെ സഹോദരന് ഫെബ്രുവരി രണ്ടിന് സമന്‍സ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.പി.എ പ്രകാരം ഇസ്്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിച്ചതിനെതിരെ ട്രൈബ്യൂണല്‍ മുമ്പാകെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കും വരെ ചോദ്യം ചെയ്യലിനായി കാത്തിരിക്കണമെന്നും കത്തില്‍ പറയുന്നു.