kerala

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈന്‍ പ്രവര്‍ത്തനം; എം.എം മണിയുടെ സഹോദരന്റെ വിനോദസഞ്ചാര കേന്ദ്രത്തിനെതിരെ നടപടിയെടുത്ത് കളക്ടര്‍

By webdesk14

June 03, 2025

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. സിപിഎം നേതാവ് എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ സാഹസിക വിനോദസഞ്ചാരം നിയന്ത്രിച്ചിരുന്നു. സ്ഥാപനത്തിന്‍റെ നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.

പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.