X

ഇന്ത്യന്‍ ഇന്ധനം മലയാളം

 

ഏഷ്യന്‍ മീറ്റില്‍ ഇന്ത്യയുടെ വന്‍ കുതിപ്പിന് ഇന്ധനമേകിയത് മലയാളി താരങ്ങള്‍.ആകെ 13 മെഡലുകളാണ് മലയാളി താരങ്ങള്‍ കലിംഗ സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. പത്തെണ്ണം വ്യക്തിഗത മെഡലുകള്‍. ഏഷ്യന്‍ മീറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ മെഡലുകള്‍ മലയാളി താരങ്ങള്‍ നേടുന്നത്. രണ്ടു സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവും ഇതിലുള്‍പ്പെടും. 1985, 1989 വര്‍ഷങ്ങളില്‍ നേടിയ ഏഴ് വീതം മെഡലുകളായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. ഇക്കുറി പി.യു ചിത്രയും മുഹമ്മദ് അനസും ഉള്‍പ്പെടുന്ന സംഘം ചരിത്രമെഴുതി. സ്വര്‍ണനേട്ടത്തില്‍ ഇപ്പോഴും 1985ലെ ജക്കാര്‍ത്ത മീറ്റാണ് മുന്നില്‍. ആകെ അഞ്ച് സ്വര്‍ണം നേടി. പി.ടി ഉഷ നാലും ഷൈനി വില്‍സണ്‍ ഒന്നും. 1989ലെ ഡല്‍ഹി മീറ്റില്‍ നാല് സ്വര്‍ണമായിരുന്നു. 2000ലെ ജക്കാര്‍ത്ത ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം മലയാളി താരങ്ങള്‍ സ്വന്തമാക്കി. ഇക്കുറി അനസും ചിത്രയുമാണ് സ്വര്‍ണം നേടിയത്. അനസ് 400ലും ചിത്ര 1500ലും മിന്നി. ആര്‍.അനു (400 മീറ്റര്‍ ഹര്‍ഡില്‍സ്), വി.നീന (ലോങ് ജമ്പ്) എന്നിവരാണ് വെള്ളി മെഡല്‍ ജേതാക്കള്‍. നയന ജയിംസ് (ലോങ് ജമ്പ്), ജിസ്‌ന മാത്യു (400 മീറ്റര്‍), എന്‍.വി ഷീന (ട്രിപ്പിള്‍ ജമ്പ്), എം.പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), ജിന്‍സണ്‍ ജോണ്‍സണ്‍ (800 മീറ്റര്‍) എന്നിവര്‍ വെങ്കലം നേടി. 4-100 റിലേയില്‍ സ്വര്‍ണം നേടിയ പുരുഷ ടീമില്‍ മൂന്നു പേരും മലയാളി താരങ്ങളായിരുന്നു. ജിസ്‌ന മാത്യു സ്വര്‍ണം നേടിയ വനിത ടീമിന്റെ ഭാഗമായി.
വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ മെര്‍ലിന്‍ കെ ജോസഫും ഉള്‍പ്പെട്ടു.

chandrika: