X

ഓഗസ്റ്റില്‍ കനത്ത മഴ; വീണ്ടും പ്രളയക്കെടുതി?

ന്യൂഡല്‍ഹി: ഓഗസ്റ്റിന്റെ തുടക്കത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് അതി തീവ്ര ന്യൂനമര്‍ദ്ദം ആകുന്നതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റിലാണ് കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിച്ചത്. ശരാശരിയേക്കാള്‍ അധികം മഴ ലഭിച്ചതിനാല്‍ ഈ രണ്ടുവര്‍ഷവും സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിരുന്നു.
നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനുളള സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. ഓഗസ്റ്റ് 5,6 തീയതികളിലായി ഇത് ന്യൂനമര്‍ദ്ദമായി രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നതോടെ ഓഗസ്റ്റിന്റെ രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഇതനസരിച്ചുളള മുന്‍കരുതല്‍ നടപടികള്‍ക്ക് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇതിനോടകം തന്നെ തുടക്കമിട്ടിട്ടുണ്ട്.
ആന്ധ്രയുടെ വടക്കും ഒഡീഷയുടെ തെക്കുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് തിരുവനന്തപുരം ഐഎംഡി ഡയറക്ടര്‍ കെ സന്തോഷ് അറിയിച്ചു. ഓഗസ്റ്റ് പകുതിയോടെ ഇടിയോട് കൂടിയ കനത്ത മഴ പെയ്യാനാണ് സാധ്യത. ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് 2019ലും 2018ലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. എട്ടുദിവസത്തിനിടെ പേമാരിയാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. രണ്ടുവര്‍ഷവും കേരളം പ്രളയക്കെടുതിയും നേരിട്ടിരുന്നു.

Test User: