X

കിരീടം ഉയര്‍ത്താന്‍ കൊമ്പന്മാര്‍

ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ ഫൈനലിന് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സീസണില്‍ ആവര്‍ത്തിച്ചത് 2014ലെ സീസണിന് സമാനമായ പ്രകടനം, പ്രഥമ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമായിരുന്നു വലിയ താരനിരയൊന്നുമില്ലാതിരുന്ന ടീം കലാശ കളിക്ക് അര്‍ഹത നേടിയത്. ഇത്തവണയും തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോറ്റായിരുന്നു ടീമിന്റെ തുടക്കം. അവസാന മത്സരം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരളം ഹോം ഗ്രൗണ്ടിലെ സ്വപ്ന ഫൈനലിലേക്ക് പ്രവേശനം നേടിയത്. പക്ഷേ ഇനി ആ ചരിത്രം ആവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നില്ല, 2014ല്‍ മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്തയോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റായിരുന്നു ടീം കിരീടം അടിയറ വച്ചത്. ഞായറാഴ്ച്ച അതേ ടീമാണ് കേരളത്തിന്റെ എതിരാളികള്‍, ഈ സീസണില്‍ സ്വന്തം തട്ടകത്തില്‍ കേരളത്തെ തോല്‍പിച്ച ഏക ടീമെന്ന ഖ്യാതി കൂടി കൊല്‍ക്കത്ത അണിയുമ്പോള്‍ മധുരപ്രതികാരത്തിന് ഇതിലും വലിയൊരു അവസരം ബ്ലാസ്റ്റേഴ്‌സിന് ഇനി ഉണ്ടായെന്ന് വരില്ല, അതു കൊണ്ടെല്ലാം ജയിച്ചേ മതിയാകൂ കേരളത്തിന്, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ ഒരിക്കല്‍ കൂടി കിരീടം കൈവിടുന്നത് ആലോചിക്കാന്‍ പോലുമാവില്ല ഹ്യൂസിനും സംഘത്തിനും. കലാശ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

എന്തൊരു സാമ്യം !

2014, 2016 സീസണുകളില്‍ ഏറ്റവും മോശം തുടക്കമായിരുന്നു മഞ്ഞപ്പടയുടേത്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് വരെയെത്തി. ഈ സീസണില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും വരെ ആദ്യ സീസണിലേതിന് സമാനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. ആദ്യ സീസണില്‍ 11 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമായി 15 പോയിന്റായിരുന്നു കേരളത്തിന്. മൂന്നാം സീസണിലും പ്രകടനം സമാനം. ഇരുസീസണിലും പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങളിലെ ജയത്തിലൂടെയായിരുന്നു ടീം സെമി യോഗ്യത ഉറപ്പാക്കിയത്. തീര്‍ന്നില്ല, രണ്ടു സീസണിലും ആദ്യ സെമി ജയിച്ചപ്പോള്‍ എവേ പാദ സെമിയില്‍ തോറ്റു, പക്ഷേ ഭാഗ്യം കൂടെ നിന്നപ്പോള്‍ അവസാന രണ്ടില്‍ ഇടം നേടാനായി. അടിച്ച ഗോളുകളേക്കാള്‍ കൂടുതലാണ് രണ്ടു സീസണിലും വഴങ്ങിയ ഗോളുകളുടെ എണ്ണം. ഗോള്‍ വ്യത്യാസത്തിലും സമാനതയുണ്ട്, മൈനസ് ടു. ഒരു ജയം കൂടുതല്‍ നേടി, തോല്‍വിയുടെ എണ്ണം കുറച്ചത് മാത്രമാണ് ഏക വ്യത്യാസം.

കൂടുമാറിയ താരങ്ങള്‍
യാദൃശ്ചികതകള്‍ ഏറെയുണ്ട് കേരളം-കൊല്‍ക്കത്ത ഫൈനലിന്. 2014ലെ ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരെ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ 18ന് നടക്കുന്ന ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഞായറാഴ്ച്ച ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കാന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.

chandrika: