X

ജയലളിതക്ക് ഭാരതരത്‌ന; പനീര്‍ശെല്‍വം മോദിയെ കണ്ടു

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഭാരതരത്‌ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് തമിഴ്‌നാട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് സംസ്ഥാനത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ വച്ചത്. തമിഴ്‌നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രിയുമായി വിശദീകരിക്കവെയാണ് പനീര്‍ശെല്‍വം ഇക്കാര്യം അറിയിച്ചത്. ജയലളിതക്ക് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക കത്തും പനീര്‍ശെല്‍വം മോദിക്ക് കൈമാറി.

ഈ ആവശ്യം ഉന്നയിച്ചു കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭ തീരുമാനിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എംജിആറിന്റെ സ്മാരകത്തിന്റെ പേര് ഭാരതരത്‌ന ഡോ. എംജിആര്‍ എന്നതുമാറ്റി ഭാരതരത്‌ന ഡോ. പുരട്ചിതലൈവര്‍ എംജിആര്‍ എന്നും ജയലളിതയുടെ സ്മാരകത്തിന്റെ പേര് പുരട്ചിതലൈവി അമ്മ സെല്‍വി ജെ ജയലളിത എന്നും പുനര്‍നാമകരണം ചെയ്യണമെന്നുള്ള കത്തും കൈമാറി. തമിഴ്‌നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് 10,000 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കേന്ദ്രത്തോട് തമിഴ്‌നാട് ആവശ്യപ്പെട്ടത്.

chandrika: