X

ജെയിംസ് റിട്ടേണ്‍സ്

 

കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുന്‍ മാനേജര്‍ ഡേവിഡ് ജെയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിയും. മോശം പ്രകടനത്തെ തുടര്‍ന്ന് റെനി മ്യൂലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ്‌ഫൈനലിലെത്തിയ 2014ലെ ആദ്യ സീസണില്‍ കോച്ചായും താരമായും തിളങ്ങിയ മുന്‍ ഇംഗ്ലണ്ട് താരം വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനകന്റെ റോളിലെത്തുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് ഡേവിഡ് ജെയിംസ് കൊച്ചിയിലെത്തിയത് മുതല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ടീം മാനേജ്‌മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം ഐ.എസ്.എല്‍ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഐ.എസ്.എല്‍ ടീമുകളുടെ പരിശീലക സ്ഥാനത്ത് നാലു ഇംഗ്ലീഷ് കോച്ചുമാരായി. ടെഡി ഷെറിങ്ഹാം (എ.ടി.കെ), സ്റ്റീവ് കോപ്പല്‍ (ജംഷെഡ്പൂര്‍ എഫ്.സി), ജോണ്‍ ഗ്രിഗറി (ചെന്നൈയിന്‍ എഫ്.സി) എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള മറ്റു പരിശീലകര്‍.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറച്ചു മത്സരങ്ങള്‍ക്ക് മാത്രമായി പരിശീലകനെ കണ്ടെത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കിയാണ് ഡേവിഡ് ജെയിംസിനെ തെരഞ്ഞെടുക്കാന്‍ മാനേജ്‌മെന്റ തീരുമാനിച്ചത്. ഐ.എസ്.എല്‍ ഉദ്ഘാടന സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരവും കോച്ചുമായിരുന്നു ജെയിംസ്. ടീമിനെ ഫൈനല്‍ വരെയെത്തിച്ചതില്‍ താരം നിര്‍ണായ പങ്ക് വഹിച്ചു. 14 മത്സരങ്ങളില്‍ അഞ്ചു വീതം ജയവും തോല്‍വിയും നാല് സമനിലയുമായി മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍ അത്്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ഒറ്റ ഗോളിനാണ് പരാജയപ്പെട്ടത്. രണ്ടാം സീസണില്‍ തന്റെ സേവനം തുടരാന്‍ തയ്യാറാവാതെ താരം മടങ്ങി. 2014ല്‍ ജെയിംസിന് കീഴില്‍ കളിച്ച ഇയാന്‍ ഹ്യൂം, സന്ദേശ് ജിങ്കാന്‍ എന്നിവര്‍ പുതിയ സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. 2010ലെ ഫിഫ ലോകകപ്പില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിനായി അമ്പതിലധികം മത്സരങ്ങളില്‍ ഗോള്‍വല കാത്ത ഈ 43കാരന്‍ ലിവര്‍പൂളിനായി 214 മത്സരങ്ങള്‍ കളിച്ചു. വാറ്റ്‌ഫോഡ്, വെസ്റ്റ്ഹാം യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകള്‍ക്കായും ജഴ്‌സിയണിഞ്ഞു.

chandrika: