X

തായ്‌ലാന്റിലെ സന്നാഹം ജയിച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തയിലേക്ക്

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: തായ്‌ലാന്റില്‍ വിദേശ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിക്ക് പകരം കൊല്‍ക്കത്തയിലേക്കാണ് ടീം മടങ്ങിയെത്തുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന് സമീപമുള്ള മോഹന്‍ബഗാന്‍ സ്റ്റേഡിയത്തില്‍ അവസാന വട്ട പരിശീലനം നടത്താനാണ് ടീമിന്റെ തീരുമാനം. കൊച്ചിയിലെത്താതെ ആദ്യ മത്സരത്തിനായി ഇവിടെ നിന്ന് തന്നെ നേരിട്ട് ഗുവാഹത്തിയിലേക്ക് ടീം യാത്ര തിരിക്കുമെന്നണ് സൂചന. ഒക്‌ടോബര്‍ ഒന്നിന് ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

വിദേശ പര്യടനത്തിലെ മൂന്ന് സന്നാഹ മത്സരങ്ങളില്‍ രണ്ടു വിജയിച്ചാണ് ടീം മടങ്ങിയെത്തുന്നത്.ഇന്നലെ നടന്ന അവസാന പരിശീലന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പട്ടായ യുണൈറ്റഡിനെ തോല്‍പിച്ചത്. 25ാം മിനുറ്റില്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ ചോപ്രയാണ് കേരള ടീമിന്റെ വിജയ ഗോള്‍ നേടിയത്. പ്രീ സീസണില്‍ ചോപ്രയുടെ രണ്ടാം ഗോള്‍ നേട്ടമാണിത്. ആദ്യ മത്സരത്തിലും ചോപ്ര ഗോള്‍ കണ്ടെത്തിയിരുന്നു. ഗ്രഹാം സ്റ്റാക്ക്, ആരോണ്‍ ഹ്യൂസ്, ഹെങ്ബര്‍ത്ത്, ജിംഗാന്‍, അസ്‌റക് മെഹ്മത്, ഹോസു, പ്രശാന്ത്, ഇഷ്ഫാഖ്, ഫാറൂഖ് ചൗധരി, ഹോകിപ്, ചോപ്ര എന്നിവര്‍ ഇന്നലെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി. കാഡിയോ ബോറിസ്, മുഹമ്മദ് റാഫി, മുനീര്‍ അന്‍സാരി, പ്രധിക് ചൗധരി എന്നിവരെ പകരക്കാരായും കോച്ച് സ്റ്റീവ് കോപ്പല്‍ പരീക്ഷിച്ചു.

ടീമിനെ പ്രോത്സാഹനവുമായി ഒരു കൂട്ടം മലയാളികള്‍ സ്റ്റേഡിയത്തിലെത്തിയത് താരങ്ങള്‍ക്കും കൗതുകമായി. കഴിഞ്ഞ മത്സരങ്ങളിലും ടീമിന് പ്രോത്സാഹനവുമായി ആരാധകര്‍ ഗ്രൗണ്ടിലെത്തിയിരുന്നു.

ആദ്യ പരീശീലന മത്സരത്തില്‍ ബിഗ് ബാങ് ചുല യുണൈറ്റഡിനെ ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു. തായ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുണൈറ്റഡുമായുള്ള രണ്ടാം പരിശീലന മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഒരാഴ്ചയോളം തിരുവനന്തപുരത്ത് പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഈ മാസം എട്ടിനാണ് തായ്‌ലാന്റിലേക്ക് പറന്നത്.

മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം തായ്‌ലാന്റില്‍ ടീമിനൊപ്പം ചേര്‍ന്നു. അവശേഷിക്കുന്ന മലയാളി താരം സി.കെ വിനീത് അടക്കമുള്ളവര്‍ 21ന് ശേഷം ടീമിനൊപ്പം ചേരുമെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

Web Desk: