X

ത്വലാഖും താരാട്ടും

കഴിഞ്ഞ വാരം നമ്മുടെ കേന്ദ്ര ഭരണകൂടം സുപ്രീംകോടതി മുമ്പാകെ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. മുത്വലാഖും ബഹുഭാര്യത്വവും ഇന്ത്യപോലുള്ള ഒരു മതേതര രാജ്യത്തിന് അംഗീകരിക്കുവാന്‍ കഴിയില്ല എന്നതായിരുന്നു അത്. മുസ്‌ലിംകള്‍ക്കിടയില്‍ ഭരണഘടനാ സിദ്ധമായി പുലര്‍ത്തിപ്പോരുന്ന വ്യക്തിനിയമത്തിന്റെ ഭാഗമായ മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയവയോടുള്ള ശക്തമായ പ്രതിഷേധവും അടക്കാനാവാത്ത അമര്‍ഷവുമെല്ലാം ഈ സത്യവാങ്മൂലത്തിന്റെ പുറം ചട്ടയില്‍ പ്രകടമാണ്. അകത്താവട്ടെ ഫാസിസ്‌ററ് മനോഭാവവും. മുത്വലാഖ് പോലുള്ള വിഷയങ്ങള്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്നും അത് മനുഷ്യത്വ രാഹിത്യമാണെന്നും വരുത്തിത്തീര്‍ത്ത് മുസ്‌ലിംകളുടെ ആദര്‍ശത്തെയും അവരെയും അവിശ്വസിക്കുവാനും അകററുവാനും ആഹ്വാനം ചെയ്യുന്നതാണ് ഇത്തരം നീക്കങ്ങള്‍. അറിഞ്ഞുകൊണ്ടാണോ അറിയാഞ്ഞിട്ടാണോ എന്നറിയില്ല ഇസ്‌ലാമിലെ ത്വലാഖിനെ കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് രാജ്യത്ത് ഇങ്ങനെ ആശയക്കുഴപ്പം വിതക്കുന്നത്. കാരണം ഇസ്‌ലാം ത്വലാഖടക്കമുള്ള അതിന്റെ ഓരോ നയങ്ങളെയും അത്രക്ക് സുതാര്യമായും ശാസ്ത്രീയമായുമാണ് അവതരിപ്പിച്ചിട്ടുള്ളത്. നാലാംകിട പ്രാചികളെ മാററിനിറുത്തിയാല്‍ ലോകത്തെ അറിയുന്ന ഏതു ബുദ്ധിയുള്ളവനും അതു സമ്മതിച്ചുപോകും. ഈ അന്യൂനതയില്‍ നിന്നുണ്ടാകുന്ന അസൂയ തന്നെയാണ് ഇസ്‌ലാമിനെ വേട്ടയാടാനുള്ള പ്രേരണയും.

ത്വലാഖ് എന്ന ഒരധ്യായം ഇസ്‌ലാമില്‍ ഉണ്ടായതിനെ തന്നെ അസാംഗത്യമായി കാണുന്നവരുണ്ട്. പുരുഷാധിപത്യത്തിന്റെ ഹുങ്കില്‍ കെട്ടിയും തീര്‍ത്തും കളിക്കുവാനുള്ള ഒരു വകുപ്പായിട്ടല്ല ഇസ്‌ലാം ത്വലാഖ് എന്ന വിഷയം അവതരിപ്പിക്കുന്നതു തന്നെ. പവിത്രവും പരിശുദ്ധവുമായ കുടുംബ ബന്ധത്തെ മുറിച്ചുകളയുന്ന ത്വലാഖിനെ ഇസ്‌ലാം പരാമര്‍ശിക്കുന്നതു തന്നെ അതു ചെല്ലുവാനല്ല; ചൊല്ലാതിരിക്കാനാണ്. നബി തിരുമേനിയുടെ ഒരൊററ വാചകത്തില്‍ നിന്നും അതു ഗ്രഹിക്കാം. നബി(സ) പറഞ്ഞു: അനുവദനീയമായ കാര്യങ്ങളില്‍ വെച്ച് അല്ലാഹുവിന് ഏററവും കോപമുള്ള കാര്യം ത്വലാഖാണ്. അല്ലാഹുവിനെ കേന്ദ്രീകരിച്ചുള്ള ഒരു സാമൂഹ്യ സൃഷ്ടിപ്പാണല്ലോ ഇസ്‌ലാമിന്റെ പരമ ലക്ഷ്യം. അതില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു തന്നെയാണല്ലോ പ്രാധാന്യം. അവയില്‍ അല്ലാഹുവിന് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് ത്വലാഖ് എന്നു പറയുമ്പോള്‍ ത്വലാഖിനോടുള്ള ഇസ്‌ലാമിന്റെ മനോഭാവം വ്യക്തമാണ്. ത്വലാഖിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ ഇത്രക്കും സുതാര്യതയുണ്ട് എങ്കില്‍ അതില്‍ നിന്നും മനസ്സിലാക്കാം ആ പ്രക്രിയയിലേക്ക് കടക്കുമ്പോള്‍ അതില്‍ എത്രക്കു മാനുഷികതയുണ്ട് എന്ന്.

വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴുമ്പോഴായിരിക്കുമല്ലോ അത് ത്വലാഖിലേക്ക് പുരോഗമിക്കുക. അതിന്റെ തുടക്കമെന്നോണം ദമ്പതികള്‍ക്കിടയില്‍ തമ്മില്‍തെററും ദാമ്പത്യ ജീവിത അവതാളവും സംഭവിക്കുമ്പോള്‍ അവിടെ വെച്ചുതന്നെ അതു പരിഹരിക്കാന്‍ ഇസ്‌ലാം ശ്രമിക്കുന്നു. ത്വലാഖിലേക്ക് അതിവേഗം കടക്കാനും എല്ലാം ഒററയടിക്ക് അവസാനിപ്പിക്കാനും ഇസ്‌ലാം ആഗ്രഹിക്കുന്നില്ല. അതിനു വേണ്ടി മൂന്നു ശിക്ഷണ മുറകളാണ് ഇസ്‌ലാം പറയുന്നത്. അവയിലൊന്നാമത്തേത് ഹൃദയം തുറന്നുള്ള ഉപദേശമാണ്. ദാമ്പത്യം വിണ്ടുകീറിയാല്‍ അതുണ്ടാക്കുന്ന അനന്തരഫലങ്ങളടക്കം പറഞ്ഞ് ഭാര്യയെ ഉപദേശിക്കുകയും ഉദ്‌ബോധിപ്പിക്കുകയും വേണം. അതു ഫലം ചെയ്തില്ലെങ്കില്‍ കിടപ്പറയില്‍ അവരെ അകററി നിറുത്തണം. ഇതു വൈകാരികമായ ഒരു ശിക്ഷയാണ്. ലൈംഗിക ജീവിതത്തില്‍ ഇത്തരം ഒരു ചെറിയ ഒററപ്പെടലിന്റെ സാമ്പിള്‍ നടന്നാല്‍ ഒരു പക്ഷേ ഭാര്യ സ്വയംതിരുത്തുവാന്‍ തയ്യാറായേക്കും. അതും ഫലം കാണാത്ത പക്ഷവും ത്വലാഖ് എന്ന കടും കൈയിലേക്ക് പോകരുത് എന്നാണ്. അവരെ അപകടമുണ്ടാക്കാത്ത വിധത്തിലുള്ള ശിക്ഷക്കു വിധേയമാക്കണം എന്നതാണ് മൂന്നാം തലം. ഈ മൂന്നു തലങ്ങളും വിജയിക്കാതെ വന്നാല്‍ പോലും ത്വലാഖിലേക്ക് പോകരുത് എന്നാണ്. കാരണം തങ്ങളുടെ ശ്രമം കൊണ്ട് ഈ വിള്ളല്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്നു മാത്രമേ വരുന്നുള്ളൂ. അതിനാല്‍ അടുത്ത തലം എന്ന നിലക്ക് രണ്ട് പേരുടെയും കുടുംബാദികളില്‍ നിന്നും പ്രധാനികളായവരെ വിഷയം രജ്ഞിപ്പിലെത്തിക്കുവാന്‍ ഏല്‍പ്പിക്കുകയും അവര്‍ അനുരജ്ഞന ശ്രമം നടത്തണമെന്നും ഇസ്‌ലാം പറയുന്നു. ഖുര്‍ആന്‍ ഈ ക്രമണിക വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.

ഈ ശ്രമങ്ങളൊക്കെയും ഫലം ചെയ്യാതെവന്നാല്‍ പിന്നെ വേര്‍പിരിയുകയായിരിക്കും കടിച്ചുതൂങ്ങുന്നതിനേക്കാള്‍ നല്ലത്. അതിനാല്‍ ന്യായമായി നിലനില്‍ക്കുവാന്‍ കഴിയില്ല എന്നു വ്യക്തമാകുമ്പോള്‍ വളരെ മാന്യമായി വേര്‍പിരിയുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതിനുള്ള മാര്‍ഗമാണ് ത്വലാഖ്. വിവാഹം പോലെതന്നെ ചെറിയ വാചകത്തിലൂടെ ബന്ധം അവസാനിപ്പിക്കാം. പക്ഷെ ഇങ്ങനെ അവസാനിപ്പിക്കുമ്പോഴും അവിടെ കാരുണ്യം ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാമിന് താല്‍പര്യമുണ്ട്. ഒന്നിച്ച് ഒറ്റവാക്കില്‍ അവസാനിപ്പിക്കാതെ ഒരു വീണ്ടുവിചാരത്തിന്റെ സാംഗത്യം എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം ത്വലാഖ് ചൊല്ലേണ്ടത്. അതിനു വേണ്ടിയാണ് മൂന്നു ഘട്ടങ്ങളായി ത്വലാഖിനെ വിഭജിച്ചിരിക്കുന്നത്. അവയില്‍ ഒന്നും രണ്ടും ത്വലാഖുകള്‍ ചൊല്ലുന്നവര്‍ക്ക് മുമ്പില്‍ വീണ്ടും യോജിക്കുവാനുള്ള അവസരങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നില്ല. ദീക്ഷ കാലം കഴിയും മുമ്പ് അവര്‍ക്കു വീണ്ടും യോജിക്കുവാനുള്ള താല്‍പര്യമുണ്ടായാല്‍ അവര്‍ക്ക് അതുപോലുള്ള ഒരു വാചകം കൊണ്ടു തന്നെ വിവാഹജീവിതത്തിലേക്ക് അനായാസം തിരിച്ചുവരാം. ദീക്ഷ കഴിഞ്ഞിട്ടാണെങ്കില്‍ മറെറാരു നികാഹിലൂടെയും ജീവിതത്തിലേക്ക് തിരിച്ചെത്താം.

ഇങ്ങനെ ഒരു തിരിച്ചുവരവ് പ്രചോദന പൂര്‍വ്വം ഇസ്‌ലാം കാത്തിരിക്കുന്നുണ്ട്. അതിനാല്‍ അത്തരമൊരു തിരിച്ചുവരവിനെ സഹായിക്കുന്ന ചില നയങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി വരുന്നുണ്ട്. അത് ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീ അവളുടെ വീട്ടിലല്ല ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ് ദീക്ഷ കാലം ജീവിക്കേണ്ടത് എന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ ത്വലാഖ് അധ്യായത്തിന്റെ ഒന്നാം വചനത്തില്‍ ഇതുകാണാം. ഇതു പറയുന്നതും സൂചിപ്പിക്കുന്നതും കെട്ടിയും കെട്ടുപൊട്ടിച്ചും തമാശ കളിക്കേണ്ടതല്ല ജീവിതം അതെങ്ങനെയെങ്കിലും വിളക്കിച്ചേര്‍ത്തു കൊണ്ടുപോകണമെന്നതാണ്. എന്നാല്‍ ദീക്ഷ കാലം എന്ന മൂന്നു ശുദ്ധികാലം കഴിയുന്നതു വരേക്കും വീണ്ടുവിചാരങ്ങള്‍ ഗുണപരമായില്ലെങ്കില്‍ പിന്നെയും ഇസ്‌ലാം കാരുണ്യം കൈവിടാതെ ഈ തകര്‍ന്ന കുടുംബത്തോടൊപ്പമുണ്ട്. ദീക്ഷ കാലം കഴിഞ്ഞിട്ട് പ്രസ്തുത വീണ്ടുവിചാരം ഉണ്ടാകുകയാണെങ്കില്‍ അപ്പോള്‍ ഒരു മഹറ് നല്‍കി അവരുടെ ബന്ധം വീണ്ടും വിവാഹച്ചരടില്‍ കോര്‍ത്തെടുക്കാം.

ഇസ്‌ലാമിലെ ത്വലാഖിന്റെ നിയമാവലി ഇങ്ങനെ വിശദീകരിക്കുമ്പോള്‍ തെല്ലു നീണ്ടത് തന്നെയാണ്. പരമാവധി രഞ്ജിപ്പിനു ശ്രമിക്കുന്നതിനാലാണ് ഇതിങ്ങനെ നീളുന്നത്. ഈ ദൈര്‍ഘ്യത്തെ അതുകൊണ്ടു തന്നെ അവധാനതയോടെയാണ് ഉപയോഗപ്പെടുത്തേണ്ടതും. അങ്ങനെ ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമേ നിയമങ്ങളുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. അഥവാ ഒരാള്‍ ഇതൊന്നും ഗൗനിക്കാതെ ആദ്യ വിള്ളലില്‍ തന്നെ വെട്ടിമുറിച്ചിടുകയാണ് എങ്കില്‍ വിവാഹബന്ധം മുറിഞ്ഞുപോകുക തന്നെ ചെയ്യും. മുത്വലാഖ് വിവാഹബന്ധത്തെ പാടെ മുറിക്കുന്നത് അങ്ങനെയാണ്. മൂന്നു ത്വലാഖ് ഒന്നിച്ചുചൊല്ലിയാല്‍ വിവാഹ ബന്ധം പാടെ ദുര്‍ബലപ്പെടും എന്ന പക്ഷക്കാരാണ് ബഹുഭൂരിഭാഗം പണ്‍ഡിതരും. അങ്ങനെ വരുമ്പോള്‍ അതിനെ ഇസ്‌ലാമിന്റെയോ മുസ്‌ലിംകളുടെയോ പേഴ്‌സനല്‍ ബോര്‍ഡിന്റെയോ ഒന്നും കുഴപ്പമായി കാണാന്‍ കഴിയില്ല. അത് അങ്ങനെ ചെയ്യുന്നവന്റെ വീണ്ടുവിചാരമില്ലായ്മയുടെ വിലയാണ്. കൊല്ലാന്‍ പാടില്ലായിരുന്നു. പക്ഷെ കൊന്നാല്‍ ജീവന്‍ പോകുകതന്നെ ചെയ്യും എന്നു പറയുന്ന അത്ര ലാഘവത്തോടെ ഗ്രഹിക്കാവുന്നതേയുള്ളൂ ഇത്. മനസ്സും ബുദ്ധിയും നിറയെ പ്രകോപനവുമായി കഴിയുന്നവര്‍ക്ക് ഇതൊന്നും മനസ്സില്‍ കയറാത്തതിനു മറ്റുള്ളവര്‍ ഉത്തരവാദികളല്ല.

ഇത്ര സുതാര്യവും സുവ്യക്തവും മാനുഷിക പരിഗണനകള്‍ പുലര്‍ത്തുന്നതുമായ ഒരു വിവാഹ മോചനവും ഇന്ന് ആകാശച്ചുവട്ടിലില്ല എന്നത് ഒരു വെല്ലുവിളിയുടെ സ്വരത്തില്‍ തന്നെ പറയാന്‍ ബുദ്ധിയുള്ള ആര്‍ക്കും കഴിയും. എന്നിട്ടാണ് ഈ കോപ്രായങ്ങളുമായി ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് അന്ധമായ വിരോധം എന്നല്ലാതെ മറെറാന്നും പറയാന്‍ കഴിയില്ല. ബഹുഭാര്യത്വത്തിന്റെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും നമുക്ക് ഇങ്ങനെ കാരുണ്യത്തിന്റെ കുളിരനുഭവപ്പെടും. കാരണം ആരും തലകുലുക്കി സമ്മതിച്ചുപോകുന്ന ചില അനിവാര്യതകളില്‍ മാത്രമാണ് ഇസ്‌ലാം ബഹുഭാര്യത്വത്തെ പിന്തുണക്കുന്നത്. നീതിയുടെ പിടിക്കയറില്‍ നിന്നും വിടേണ്ടിവരുന്ന ഏതു സാഹചര്യമുണ്ടായാലും രണ്ടാമതൊരു വിവാഹത്തിനു മുതിരരുത് എന്നു ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

chandrika: