X

ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ് കേരളത്തിന് കിരീടം

പൂനെ: പ്രഥമ ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കിരീടം ചൂടി കേരളം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകളുമായാണ് പൂനെയിലെ ബാലെവാഡി ഛത്രപതി ശിവജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മേളയില്‍ കേരളം കിരീടമുയര്‍ത്തിയത്. അവിഭക്ത സ്‌കൂള്‍ മീറ്റ് പരിഗണിച്ചാല്‍ കേരളത്തിന്റെ തുടര്‍ച്ചയായ 20ാം കിരീട നേട്ടമാണിത്. 114 പോയിന്റ് നേടി കേരളം ഒന്നാമതെത്തിയപ്പോള്‍ 56 പോയിന്റ് നേടിയ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്.

800, 400 മീറ്ററുകളില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അബിത മേരി മാനുവലും 1500, 3000 മീറ്ററുകളില്‍ സ്വര്‍ണം നേടിയ ഡി ബബിതയുമാണ് കേരളത്തിന്റെ കുതിപ്പിന് തിളക്കം പകര്‍ന്നത്. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മലിന്റെ സ്വര്‍ണ നേട്ടത്തോടെയാണ് മീറ്റിന്റെ അവസാന ദിനം കേരളം മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 800 മീറ്ററില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ അബിത മേരി മാനുവല്‍ സ്വര്‍ണം നേടി.

പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പൂര്‍ണമായ ആധിപത്യമായിരുന്നു. അനില വേണു ഈയിനത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ അഷിത കേരളത്തിന് വെള്ളി സമ്മാനിച്ചു. ആണ്‍കുട്ടികളുടെ ഇതേയിനത്തില്‍ കെ മുഹമ്മദ് അനസിന് വെങ്കലവും ലഭിച്ചു.
പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളം വെള്ളി നേടി. അവസാന ഇനമായ ആണ്‍കുട്ടികളുടെ4-100 മീറ്റര്‍ റിലേയില്‍ തമിഴ്‌നാടിനെ പിന്തള്ളി കേരളം മീറ്റിലെ പതിനൊന്നാം സ്വര്‍ണത്തോടെ മെഡല്‍ പട്ടിക പൂര്‍ത്തിയാക്കി.

chandrika: