X

നടി ധന്യാമേരി വര്‍ഗീസും ഭര്‍ത്താവും അറസ്റ്റില്‍

സിനിമാതാരങ്ങളായ ധന്യാമേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും ഉള്‍പ്പടെ മൂന്നുപേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജോണ്‍ ജേക്കബിന്റെ സഹോദരന്‍ സാമുവല്‍ ജേക്കബാണ് അറസ്റ്റിലായ മറ്റൊരാള്‍. പ്രത്യേക അന്വേഷണസംഘം നാഗര്‍കോവിലില്‍ നിന്നുമാണ് മൂവരേയും അറസ്റ്റ് ചെയ്തത്.

സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. അമ്പതോളം പേരാണ് ഇതുസംബന്ധിച്ച് തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്‌മെന്റിന് പരാതി നല്‍കിയത്. 2011 മുതല്‍ തിരുവനന്തപുരം നഗരത്തിലെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഫഌറ്റുകളും വില്ലകളും നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പെന്ന് അന്വേഷണസംഘം അറിയിച്ചു. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപാര്‍ട്ട്‌മെന്റ്, നോവ കാസില്‍, മേരിലാന്റ്, ഗ്രീന്‍കോര്‍ട്ട് യാര്‍ഡ്, ഏഞ്ചല്‍വുഡ് എന്നീ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫഌറ്റുകളും ഇരുപതോളം വില്ലകളും രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി ഏകദേശം 100 കോടി രൂപയും അമിതപലിശ നല്‍കാമെന്ന വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്നും 30 കോടിയോളം രൂപയും വാങ്ങി കബളിപ്പിച്ചു. ഫഌറ്റുകള്‍ക്ക് പണം നല്‍കിയ പലരും വിദേശത്തായതിനാല്‍ അവരുടെ പരാതി കൂടിവരുമ്പോള്‍ തട്ടിപ്പിന്റെ തോത് ഇനിയുമുയരുമെന്ന് അന്വേഷണസംഘം അറിയിച്ചു.

കേസിലെ മുഖ്യപ്രതിയും സാംസണ്‍ ആന്‍ഡ് സണ്‍സ് കമ്പനി ചെയര്‍മാനുമായ ജേക്കബ് സാംസണെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. തട്ടിപ്പിലൂടെ പ്രതികള്‍ സമ്പാദിച്ച പണം മറ്റെവിടെയെങ്കിലും നിക്ഷേപിക്കുകയോ, വസ്തുവകകള്‍ സമ്പാദിക്കുകയോ ചെയ്തിട്ടുണ്ടോയെന്നതിനെ പറ്റി അന്വേഷണം പുരോഗതിയിലാണ്. തട്ടിപ്പുകള്‍ക്കുശേഷം ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ പലസ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ നാഗര്‍കോവിലില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. തിരുവനന്തപുരം സിറ്റി ജില്ലാക്രൈംബ്രാഞ്ച് അസി.കമ്മീഷണര്‍ എം.എസ് മനോജ്, പേരൂര്‍ക്കട ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, അസി.സബ് ഇന്‍സ്‌പെക്ടര്‍ യശോധരന്‍, സി.പി.ഒമാരായ സാബു, പ്രദീപ്, രഞ്ജിത്, വിനോദ്, ബിനു, ബിന്ദു, സൈബര്‍ പൊലീസിലെ സി.പി.ഒമാരായ പ്രശാന്ത്, മണികണ്ഠന്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും ഫഌറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്നു പണം നല്‍കിയവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്റെ കമ്പനിയില്‍ ഫഌറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യമേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. സിനിമാ താരമെന്ന ഇമേജ് ഉപയോഗിച്ചു ധന്യ തട്ടിപ്പിനു കൂട്ടുനിന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു.

chandrika: