X

നാണക്കേടായി മന്‍പ്രീത് മരുന്നാണ് സത്യം

 
ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗറിന് അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവും. നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി ഉത്തേജകമരുന്ന് പരിശോധനയില്‍ രണ്ടാമതും കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ സസ്‌പെന്റ് ചെയ്തു. ദേശീയ റെക്കോര്‍ഡ് ജേതാവായ മന്‍പ്രീത് കൗര്‍ പട്യാലയില്‍ ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ നടന്ന ഫെഡറേഷന്‍ കപ്പിനിടെയാണ് നാഷണല്‍ ആന്റി ഡോപിങ് ഏജന്‍സി (നാഡ) യുടെ പരിശോധനക്ക് വിധേയയാത്. എന്നാല്‍ പരിശോധനയില്‍ നിരോധിക്കപ്പെട്ട മരുന്ന് മന്‍പ്രീത് കൗര്‍ ഉപയോഗിച്ചതായി നാഡ കണ്ടെത്തിയിരുന്നു. നേരത്തെ ഏപ്രില്‍ 24ന് ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്റ് പ്രീയുടെ ആദ്യ റൗണ്ടില്‍ ശേഖരിച്ച മൂത്രത്തിന്റെ സാംപിളിലും ഇവര്‍ ഡൈമീഥൈല്‍ ബൂട്ടിലാമിന്‍ എന്ന ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് ഫെഡറേഷന്‍ കപ്പിനിടെ ശേഖരിച്ച മൂത്ര സാംപിളിലും കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് താരത്തെ സസ്‌പെന്റ് ചെയ്തതായി അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ സുമരിവല്ല അറിയിച്ചു. ഡൈമീഥൈല്‍ ബൂട്ടിലാമിന്‍ എന്ന ഉത്തേജക മരുന്ന് 2010 കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് നിരവധി കായിക താരങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നാഡയുടെ അച്ചടക്ക സമിതി മുമ്പാകെ മന്‍പ്രീത് കൗര്‍ ഉടന്‍ ഹാജരാവും. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കൗറിനായില്ലെങ്കില്‍ ഭുവനേശ്വറില്‍ സമാപിച്ച ഏഷ്യന്‍ മീറ്റില്‍ നേടിയ സ്വര്‍ണം തിരിച്ചു നല്‍കേണ്ടി വരും. ഇന്ത്യയുടെ ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളാണ് മന്‍പ്രീതിനെ കണക്കാക്കുന്നത്. ഏപ്രിലില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിയില്‍ 18.86 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. ഗുണ്ടൂരില്‍ നടന്ന അന്തര്‍ദേശീയ അത്‌ലറ്റിക്‌സ് മീറ്റിലും മുന്നിലായിരുന്നു. റിയോ ഒളിംപിക്‌സില്‍ പങ്കെടുത്തിരുന്നെങ്കിലും 23 ാം സ്ഥാനത്ത് ഒതുങ്ങി.

chandrika: