X

നീതി നിഷേധം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം: മുഹമ്മദ് ഇദ്‌രീസ് ബസ്തവി

കോഴിക്കോട്: നീതിയുക്തമായി ഭരണം നടത്തേണ്ടവര്‍ നീതി നിഷേധം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ അധികാരികള്‍ നേരിടേണ്ടി വരുമെന്ന് മുസ്്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം മൗലാനാ മുഹമ്മദ് ഇദ്‌രീസ് ബസ്തവി ലക്‌നൗ പറഞ്ഞു. നോട്ടു അസാധുവാക്കയതു പോലെ ഒറ്റ രാത്രി കൊണ്ടു അസാധുവാക്കാന്‍ കഴിയുന്നതല്ല ഇസ്്‌ലാമിക ശരീഅത്ത്. മുത്തലാഖ് ഇസ്്‌ലാമികമാണ്, അതു നിരോധിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വരതയും വൈവിധ്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതത്തിന്റെ അടിത്തറയും അന്തസ്സും തകര്‍ക്കുന്നതാണ് ഏകസിവില്‍കോഡ് എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വത്തില്‍ പറയുന്നെങ്കിലും മൗലികാവകാശമായ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായതു കൊണ്ട് അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. സമ്പൂര്‍ണ മദ്യനിരോധനവും സൗജന്യ വിദ്യാഭ്യാസവും മാര്‍ഗനിര്‍ദേശക തത്വത്തിലുള്ളതായിരുന്നിട്ടും അവക്ക് മൗലികാവശകാശങ്ങള്‍ തടസ്സമല്ലാതിരുന്നിട്ടും അവക്കുവേണ്ടി ഒരു ശ്രമവും നടത്താത്ത സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതില്‍ മാത്രം താല്‍പര്യം കാണിക്കുന്നത് ഹിഡന്‍ അജണ്ടയുടെ ഭാഗം തന്നെയാണ്. ഏകസിവില്‍കോഡിന് വേണ്ടി വാദിക്കുന്നവര്‍ വ്യത്യസ്ത വിഭാഗങ്ങളും സ്വന്തമായ താല്‍പര്യമുള്ളവരുമാണ്. ശരീഅത്തിനെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.

സമസ്ത ജില്ലാ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. എം.പി അബ്ദുസമദ് സമാദാനി മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍, എം.ഐ ഷാനവാസ് എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിന്‍കുട്ടി, സെക്രട്ടറി എം.സി മായിന്‍ഹാജി, കെ മുരളീധര്‍ എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം മോയിമോന്‍ ഹാജി, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ബാരി ബാഖവി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി സ്വാഗതവും കെ.പി കോയ നന്ദിയും പറഞ്ഞു.

chandrika: