X

നോട്ട് അസാധുവാക്കല്‍ പോലെ മറ്റൊരു ദുരന്തമെന്ന് ചിദംബരം, ബുള്ളറ്റ് തീവണ്ടിയും എല്ലാം നശിപ്പിക്കും: കോണ്‍ഗ്രസ്

 
ന്യൂഡല്‍ഹി: മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്ത്.
കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം പോലെയാകും അതിവേഗ ട്രെയിന്‍ സംവിധാനമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ജനങ്ങളെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉള്‍പ്പെടെയെല്ലാം ഈ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ് ട്രെയിന്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതല്ല, സമ്പന്നര്‍ക്കും മറ്റ് ഉന്നതര്‍ക്കും വേണ്ടിയുള്ളതാണെന്നും ചിദംബരം വിമര്‍ശിച്ചു.
റെയില്‍വേ പണം ചെലവഴിക്കേണ്ടത് സുരക്ഷക്കും, അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടിയുമാണ്, 1.10 ലക്ഷം കോടി ചെലവു വരുന്ന അതിവേഗ ട്രെയിനിനു വേണ്ടിയല്ലെന്നും ചിദംബരം പറഞ്ഞു.
മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്‌റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 23 പേര്‍ മരിച്ച സംഭവത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പണക്കാരായ യാത്രക്കാര്‍ക്കുവേണ്ടി ദരിദ്രരായ യാത്രക്കാരെ കൊന്നൊടുക്കിയാണ് മോദി സര്‍ക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും, മുംബൈയില്‍ നടന്നത് കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് വിമര്‍ശിച്ചിരുന്നു. റാവത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസും വിമര്‍ശവുമായി രംഗത്തെത്തിയത്. നേരത്തെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്ന് ചിദംബരം തുടക്കത്തില്‍ തന്നെ ആരോപിച്ചിരുന്നു.
ചിദംബരത്തിന്റെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും മുന്നറിയിപ്പുകള്‍ ശരി വെക്കുന്ന രീതിയില്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിട്ടുണ്ട്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് 104 പേരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്.

chandrika: