X

നോട്ട് നിരോധനം: ഗുജറാത്തില്‍ തെരുവിലറങ്ങി പതിനായിരക്കണക്കിന് കര്‍ഷകര്‍

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തിനും സഹകരണ ബാങ്കുകളില്‍ നിന്നും നോട്ട് മാറ്റിനല്‍കല്‍ ഉള്‍പപ്പെടെയുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിക്കുമെതിരെ ഗുജറാത്തില്‍ കര്‍ഷകര്‍ രംഗത്ത്. കരിമ്പ്, അരി, പച്ചക്കറികള്‍ എന്നിവ കളക്ടറുടെ ഓഫീസിന് മുന്നില്‍ റോഡില്‍ തള്ളിയാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. പതിനായിരകണക്കിന് കര്‍ഷകരാണ് അത്വാലിന്‍സിലെ കളക്ടറേറ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ അണിനിരന്നത്. ജഹാംഗീര്‍പുരയിലെ പരുത്തി ഫാക്ടറിയില്‍ നിന്നുമാണ് നിരവധി ട്രക്കുകളില്‍ ഉത്പന്നങ്ങളുമായി കര്‍ഷകരെത്തിയത്.

സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രദേശത്തെ കര്‍ഷകരെ സാരമായി വലച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ അസാധുവായ 1000, 500 രൂപ നോട്ടുകള്‍ മാറ്റിനല്‍കുന്നതിന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് വിലക്കേല്‍പ്പിച്ച ആര്‍ബിഐ നടപടിക്കെതിരെ ബാങ്കുകളും രംഗതെത്തിയിട്ടുണ്ട്. 18 സഹകരണ ബാങ്ക് പ്രതിനിധികളുടെ സംഘം ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് പരാതി സമര്‍പ്പിക്കാനിരുന്നതാണെങ്കിലും അവസാന നിമിഷം ഇത് ഉപേക്ഷിക്കുകയായിരുന്നു. ഗ്രാമീണ മേഖലയിലെ 50 ശതമാനത്തിലേറെ ബാങ്ക് ഇടപാടുകളും സഹകരണ ബാങ്കുകളിലൂടെയാണ് നടക്കുന്നതെന്നതിനാല്‍ സാധാരണക്കാരാണ് ഈ തീരുമാനത്തിന്‍റെ ദുരിതം ശരിക്കും പേറുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ബിജെപി സ്വാധീനം ഉറപ്പിക്കാന്‍ ഏറെ പരിശ്രമിച്ച അമിത് ഷാ പ്രശ്നത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി അനുഭാവികളായ സഹകരണ സംഘം ഭാരവാഹികള്‍.

chandrika: