X

പദവി ചോദിച്ച് സര്‍ക്കാറിന് ജേക്കബ് തോമസിന്റെ കത്ത്

 

തിരുവനന്തപുരം: അവധിയുടെ കാലാവധി കഴിഞ്ഞതോടെ പദവിയില്‍ വ്യക്തതതേടി സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്. തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഏതു പദവിയിലാണ് റിപ്പോര്‍ട്ടു ചെയ്യേണ്ടതെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തുനല്‍കിയത്.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതായി ഇതുവരെ അറിയിപ്പു കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഏതു പദവിയിലാണ് റിപ്പോര്‍ട്ടു ചെയ്യേണ്ടതെന്ന് വ്യക്തമാക്കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജേക്കബ് തോമസിന്റെ കത്ത്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു ജേക്കബ് തോമസ് ഏപ്രില്‍ ഒന്നിനു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ അവധി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു വീണ്ടും ഒരു മാസത്തേക്കു കൂടി അവധി ദീര്‍ഘിപ്പിച്ചു. വീണ്ടും കുറച്ചു കൂടി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 17 ദിവസം കൂടി അവധി നീട്ടുകയായിരുന്നു. അതിന്റെ കാലാവധി അവസാനിക്കുന്നതോടെയാണു ജേക്കബ് തോമസ് തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിന്റെ നടപടികളില്‍ ഒരു വിഭാഗം ഉന്നത ഐ.പി.എസ്-ഐ.എ.എസ് ഉദ്യോഗസ്ഥരും സി.പി.എമ്മിലെ ഒരു വിഭാഗവും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചത്. ജോലിയില്‍ തിരികെ പ്രവേശിക്കുന്ന ജേക്കബ് തോമസിന് ഏതു പദവി നല്‍കുമെന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ജേക്കബ് തോമസ് അവധിക്കു പ്രവേശിച്ചതിനു പിന്നാലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാരുമായുള്ള നിയമ പേരാട്ടത്തില്‍ ജയിച്ച ടി.പി സെന്‍കുമാറിനെ വീണ്ടും പൊലീസ് മേധാവിയായി നിയമിച്ചതോടെയാണ് ഡി.ജി.പിയായിരുന്ന ബെഹ്‌റയെ വിജിലന്‍സ് ഡയരക്ടറാക്കിയത്.

chandrika: