X

‘പരിക്കേറ്റവരുടെ കാര്യത്തില്‍ ദു:ഖമുണ്ട്, കാശ്മീരില്‍ പെല്ലറ്റ് ഗണ്‍ നിര്‍ത്തില്ലെന്ന്’ സിആര്‍പിഎഫ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്താനാകില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്(സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ പ്രതിരോധമാണ് പെല്ലറ്റ് പ്രയോഗം. ലോകത്ത് ലഭ്യമായ ഏറ്റവും കുറവ് പരിക്കേല്‍പ്പിക്കുന്ന പെല്ലറ്റ് ഗണ്‍ മോഡലുകളെ കുറിച്ച് സേന അന്വേഷിക്കുന്നുണ്ടെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് നേരെയുള്ള പെല്ലറ്റ് പ്രയോഗം ത്യജിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് സിആര്‍പിഎഫ് ഡയറക്ടറുടെ ഇത്തരത്തിലുള്ള പ്രതികരണം. പെല്ലറ്റ് പ്രയോഗത്തില്‍ കുട്ടികളടക്കം നിരവധി കശ്മീരികളുടെ കണ്ണുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി പേര്‍ക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പെല്ലറ്റ് പ്രയോഗം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കാശ്മീര്‍ സന്ദര്‍ശിച്ച മന്ത്രി പരിക്കേറ്റവര്‍ക്ക് ചികില്‍സാ സഹായം ഡല്‍ഹിയില്‍ നല്‍കുമെന്നും പറഞ്ഞിരുന്നു.

ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കാശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. സംഘര്‍ഷത്തില്‍ 35ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ കാഴ്ച്ചശക്തി നഷ്ടപ്പെടുകയും ചെയ്തു.

chandrika: