X

പശ്ചിമബംഗാളില്‍ മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം.
അസം സ്വദേശി ഹാഫിസുള്‍ ഷെയ്ഖ്, കുച്ച് ബെഹര്‍ സ്വദേശി അന്‍വര്‍ ഹുസൈന്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ദുഗ്പുരി ടൗണിന് സമീപത്തു വെച്ച് ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായത്. യുവാക്കള്‍ പിക്കപ്പ് വാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. വാനില്‍ ഏഴ് പശുക്കള്‍ ഉണ്ടായിരുന്നു. അക്രമികള്‍ വാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും വാന്‍ നിര്‍ത്തിയില്ല. ഇതേ തുടര്‍ന്ന് സംഘം പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപെട്ടു. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. അതേ സമയം, കൊല്ലപ്പെട്ടവര്‍ പശുക്കളെ മോഷ്ടിച്ചതിന് സ്ഥിരീകരണമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ജൂണില്‍ നോര്‍ത്ത് ദിനാജ്പൂരില്‍ സമാനമായ സംഭവത്തില്‍ മൂന്ന് മുസ് ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.
പശു സംരക്ഷണ സേന പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒട്ടേറെ അക്രമണങ്ങളാണ് രാജ്യത്തുടെ നീളം അരങ്ങേറിയത്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പശുവിന്റെ പേരില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും അക്രമത്തിന് ഇരയാകുകയും ചെയ്തു. ഇത്തരത്തിലുള്ള ആക്രമണങ്ങളോട് പ്രധാനമന്ത്രിയുടെ പാര്‍ട്ടി നേതൃത്വം മൃതു സമീപനം സ്വീകരിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നു. ഇന്നലെയുണ്ടായ സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

chandrika: