X

പ്രതിപക്ഷ ഐക്യം പ്രധാനം

പൊള്ളയായ സാമ്പത്തിക പരിഷ്‌കാരത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീക്ഷ്ണമായ സമരം നടത്തിയതിന്റെ വിജയമാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി സ്വേഛാധിപത്യവാഴ്ച നടത്തുന്ന പ്രധാനമന്ത്രിയുടെ ധിക്കാരത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രതീക്ഷ പകരുന്നതാണ്. നോട്ട് അസാധുവാക്കല്‍ വിഷയത്തെ തുടര്‍ന്ന് ഒരാഴ്ചയായി പാര്‍ലമെന്റ് സ്തംഭിച്ചു നില്‍ക്കുന്ന സാഹചര്യത്തിലും നരേന്ദ്രമോദി കണ്ണു തുറക്കാതിരിക്കുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. നോട്ട് നിരോധത്തിലൂടെ ഉടലെടുത്ത ആശങ്ക അറിയിക്കാന്‍ പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് അവസരം നല്‍കുകയും ഇതിനു പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നത് രാജ്യത്തെ പൊതുജനങ്ങളുടെ വികാരമാണ്. ഇത് ഉള്‍ക്കൊള്ളാന്‍ മനസ്സുവെക്കുന്നതിന് പകരം പ്രതിപക്ഷത്തെ പിളര്‍ത്തി പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാമെന്നാണ് പ്രധാനമന്ത്രി വ്യാമോഹിച്ചത്. എന്നാല്‍ ഇതു പച്ചിച്ചീന്തിയെറിയാന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ഐക്യത്തിന് സാധ്യമായതിന്റെ പ്രകടമായ തെളിവാണ് ഇന്നലെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഹാജരായത്.

പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു മുമ്പു തന്നെ ഇത്തരം സാഹചര്യം പ്രധാനമന്ത്രിക്ക് ബോധ്യമാണ്. പക്ഷേ, താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന ശാഠ്യമാണ് നരേന്ദ്രമോദിയെ മുന്നോട്ടു നയിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഒറ്റരാത്രി കൊണ്ട് പിന്‍വലിച്ചതിന്റെ യുക്തി പാര്‍ലമെന്റിനെ തര്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. നവംബര്‍ എട്ടു മുതലുള്ള രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ തെല്ലൊന്നുമല്ല ജനജീവിതത്തെ ബാധിച്ചത്. സമഗ്ര മേഖലകളിലും ക്രയവിക്രയങ്ങള്‍ നിലക്കുകയും ധനമിടപാട് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാവുകയും ചെയ്തു. ഇന്നലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ പറഞ്ഞതു പോലെ അവനവന്റെ പണം ബാങ്കുകളില്‍ നിന്നു പിന്‍വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ ഏക രാജ്യമായി ഇന്ത്യ മാറി. തങ്ങളുടെ നിക്ഷേപത്തിനു വേണ്ടി രണ്ടാഴ്ചയിലധികമായി പൊതുജനം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വരി നിന്നു തളര്‍ന്നു. അത്യാസന്ന ഘട്ടത്തില്‍പോലും പണം പിന്‍വലിക്കാന്‍ കഴിയാതെ പലര്‍ക്കും ജീവന്‍ ബലിനല്‍കേണ്ടി വന്നു. ഒരോ ദിവസവും ഓരോ നിയന്ത്രണവും പരിഷ്‌കരണവുമായി പ്രധാനമന്ത്രിയും റിസര്‍വ് ബാങ്കും സാമ്പത്തിക അടിയന്തരാവസ്ഥയെ ആസ്വദിച്ചു. സാധാരണക്കാരന്റെ സമ്പാദ്യം മുഴുവന്‍ സ്വീകരിച്ചുവച്ച സഹകരണ ബാങ്കുകളെ കുരുക്കിട്ടു മുറുക്കി കേന്ദ്രസര്‍ക്കാര്‍ കൊലച്ചിരി തുടര്‍ന്നു. ഇതിന്റെ ന്യായാന്യായങ്ങളറിയാനാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നത്.

വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പര്‍വതീകരിക്കുന്നത് പ്രതിച്ഛായക്ക് കോട്ടം തട്ടുമോ എന്നാണ് പ്രധാനമന്ത്രി ഭയപ്പെട്ടത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുമുയര്‍ന്ന അപസ്വരങ്ങളില്‍ അസ്വസ്ഥനായ നരേന്ദ്ര മോദിക്ക്, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുന്നത് താങ്ങാനുള്ള കെല്‍പ്പില്ലെന്നതിനാലാണ് പാര്‍ലമെന്റില്‍ ഹാജരാകാതിരുന്നത്. പാര്‍ലമെന്റില്‍ നിലപാടു വ്യക്തമാക്കാതെ ചര്‍ച്ചകളില്‍ ഇടപെട്ട് സംസാരിക്കാമെന്ന പോംവഴി ഇതിനു വേണ്ടിയാണ് കൊണ്ടുവന്നത്. പാര്‍ലമെന്ററി കാര്യ-പ്രതിരോധ- ധനകാര്യ മന്ത്രിമാരെ രംഗത്തിറക്കി പ്രതിപക്ഷത്തിനിടയില്‍ വിള്ളലുണ്ടാക്കാനുള്ള വിഫല തന്ത്രവും പ്രയോഗിച്ചു. അഞ്ചു പ്രതിപക്ഷ പാര്‍ട്ടികളെ മാത്രം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് ഇതിന്റെ ആദ്യപടിയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വളപ്പില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ പങ്കെടുത്തത് 230 എം.പിമാരായിരുന്നു. പതിമൂന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഗാന്ധിപ്രതിമക്കു മുന്നില്‍ പ്രതിഷേധജ്വാല പടര്‍ത്തിയത്. എന്നാല്‍ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും പരിഗണിക്കാതെ തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുമെന്ന് കരുതിയ പാര്‍ട്ടി പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത് പക്ഷേ, പ്രതീക്ഷിച്ച പ്രതിഫലനം സൃഷ്ടിച്ചില്ലെന്നു മാത്രം.

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുക, നോട്ട് അസാധുവാക്കല്‍ വിവരം ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെയും ലോക്‌സഭ സ്തംഭിക്കുമെന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിന് പ്രതിപക്ഷത്തെ വഴങ്ങേണ്ടി വന്നത്. പ്രധാനമന്ത്രി പ്രസ്താവന നടത്താതെ രാജ്യസഭാ നടപടികളുമായി സഹകരിക്കുകയില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പ് ചര്‍ച്ചക്ക് തയാറാവാതെ ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ ലക്ഷ്യം ചര്‍ച്ചയല്ലെന്നു പറഞ്ഞാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ഇതിനെ ന്യായീകരിച്ചത്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി സഭയിലുണ്ടാകണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവര്‍ത്തിച്ചത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മനസുവച്ചിട്ടില്ല.

പുതിയ സാമ്പത്തിക പരിഷ്‌കാരം പൂര്‍ണ വിജയമാണെന്നാണ് പ്രധാനമന്ത്രിയുടെ പക്ഷമെങ്കില്‍ പാര്‍ലമെന്റ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയല്ല, പരിഷ്‌കാര നടപടികളെ പൊതുസഭക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. ശീതകാല സമ്മേളനത്തിന് ചൂടുപിടിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തിന്റെ തീവ്രസമരത്തിന് മുന്നില്‍ പ്രധാനമന്ത്രിക്ക് പ്രതികരിക്കേണ്ടി വരും. അതിലൂടെ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട സാമ്പത്തിക അടിയന്തരാവസ്ഥയുടെ നേര്‍ചിത്രം തെളിഞ്ഞുവരുന്നത് കാത്തിരുന്നു കാണാം.

chandrika: