X

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദ ബന്ധമില്ലെന്ന്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെയുണ്ടായ വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദബന്ധമില്ലെന്ന് അന്വേഷണസംഘം. കോയമ്പത്തൂരില്‍ നിന്ന് വന്ന വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. കോയമ്പത്തൂര്‍ സ്വദേശിയായ മുത്തുമാള്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് ദുരുപയോഗം ചെയ്താണ് ഇന്റര്‍നെറ്റ് വഴി നടക്കാവ് പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍വിളി ഉണ്ടായതെന്ന് സംഘം പറയുന്നു. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ 11127 എന്ന അവസാന അഞ്ച് അക്കനമ്പറിലുളള മുത്തുമാളിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വന്നതും പോയതുമായ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് മറ്റു തരത്തിലുള്ള ബന്ധങ്ങളൊന്നുമില്ലെന്ന കണ്ടെത്തലാണ് ഉണ്ടായത്. കേന്ദ്ര അന്വേഷണ ഏജന്‍സിയും കേരള തമിഴ്‌നാട് പൊലീസ് സംഘവും എല്ലാ കോളുകളുടെയും വിശദാംശങ്ങള്‍ നോക്കിയിരുന്നു.മുത്തുമാളിനെ വിവിധ അന്വേഷസംഘങ്ങള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ നമ്പര്‍ ഉപയോഗപ്പെടുത്തി വിദേശത്ത് നിന്ന് ഇന്റര്‍നെറ്റ് മുഖേനയാണ് ഫോണ്‍ വിളി വന്നതെന്നും അന്വേഷണഏജന്‍സികള്‍ക്ക് ബോധ്യപ്പെട്ടതായാണ് അറിയുന്നത്. മോദിയുടെ കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സെപ്തംബര്‍ 24 ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അന്ന് നടക്കാവ് പൊലീസ് സ്‌റ്റേഷനിലെ ലാന്റ് ഫോണിലേക്കാണ് ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശമുണ്ടായത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു സ്ഥലത്ത് ഉടന്‍ ബോംബ് ഭീഷണിയുണ്ടാകുമെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഹിന്ദിയിലായിരുന്നു സംഭാഷണം. തുടര്‍ന്ന് പുലര്‍ച്ചെ ബോംബ് സ്‌ക്വാഡും എസ്.പി.ജി വിഭാഗവും ഉള്‍പ്പെടുന്ന സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധനയും തുടങ്ങി. ഡല്‍ഹിയില്‍ നിന്ന് എത്തിയ ബോംബ് സ്‌ക്വാഡിലെ 45 അംഗസംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാന പൊലീസിന്റെ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രധാനമന്ത്രിയെത്തുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ അരിച്ചുപെറുക്കി.

രണ്ട് മണിക്കൂറിനുളളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഐ.ബിയും എസ്.പി.ജിയും ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ഫോണിന്റെ ഉറവിടവും വ്യക്തമാവുകയായിരുന്നു.

chandrika: